ദൃശ്യം മോഡൽ കൊലപാതകം ; കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊന്നു കുഴിച്ചുമൂടിയെന്ന് പ്രതി ജയചന്ദ്രൻ

Crime
Print Friendly, PDF & Email

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടി എന്ന് പ്രതി സമ്മതിച്ചു. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി(48)യെ ആണ് കഴിഞ്ഞ ആറാം തീയതി മുതൽ കാണാതായത്. വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന കരൂർ സ്വദേശി ജയചന്ദ്രൻ എന്നയാളെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. അമ്പലപ്പുഴ കരൂരിൽ ജയചന്ദ്രന്റെ വീടിനു സമീപം കരുനാഗപ്പള്ളി പോലീസ് തിരച്ചിൽ നടത്തുകയാണ്.

യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വിജയലക്ഷ്മിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയത് ബന്ധുവാണ്. ജയചന്ദ്രനും ആയി വിജയലക്ഷ്മി സൗഹൃദത്തിൽ ആയിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരിൽ പോലിസ് പരിശോധന നടത്തുന്നത്. യുവതിയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ കെഎസ്ആർടിസി ബസ്സിൽ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. കാണാതായ യുവതിയുടെ മൊബൈൽ ഫോൺ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് കണ്ടെത്തുന്നത്. കണ്ടക്ടറാണ് മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. തുടർന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോൾ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്.

വിജയലക്ഷ്മി നേരത്തെ ഇടുക്കി സ്വദേശിയെയാണ് വിവാഹം ചെയ്തിരുന്നത്. പിന്നീട് ഭർത്താവുമായി പിണങ്ങി കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് താമസം മാറ്റി. ഇവർക്ക് 2 മക്കളുണ്ട്. വിവാഹ മോചിതയാണെന്നാണ് സൂചനകൾ. ഒറ്റയ്ക്ക് വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഇതിനിടെ അമ്പലപ്പുഴ സ്വദേശി ജയചന്ദ്രനെ പരിചയപ്പെടുകയായിരുന്നു. വിജയലക്ഷ്മിക്ക് വന്ന മറ്റൊരു ഫോൺ കോളിന്റെ പേരിലാണ് ഇരുവരും വഴക്കിട്ടതെന്നാണ് സൂചന. തുടർന്ന് പ്ലയർ ഉപയോഗിച്ച് തലയ്ക്കടിച്ച് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയെന്നും വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ടെന്നുമാണ് നിഗമനം. ജയചന്ദ്രൻ ബോട്ടിലെ തൊഴിലാളിയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒന്നര വർഷം മുൻപാണ് ജയചന്ദ്രനും കുടുംബവും കരൂരിലെ വീട്ടിലേക്ക് മാറിയത്. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്. ശനിയാഴ്ച തന്നെ ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തെന്ന് കുടുംബം പറയുന്നു.

വിജയലക്ഷ്മിയെ താൻ കൊലപ്പെടുത്തിയെന്നാണു ജയചന്ദ്രൻ പൊലീസിനോട് വെളിപ്പെടുത്തിയിയിരിക്കുന്നത്. ‘ദൃശ്യം’ സിനിമ പല തവണ താൻ കണ്ടിട്ടുണ്ടെന്നും ജയചന്ദ്രൻ പോലീസിനോട് പറഞ്ഞത്രേ. ജയചന്ദ്രന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇയാളെയും കൂട്ടി കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിൽ പരിശോധന നടത്തുകയാണ്. ജയചന്ദ്രന്റെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *