കൊട്ടാരക്കര – ഇന്ത്യയുടെ അഖണ്ഡതയ്ക്കെതിരേ സംസാരിച്ചെന്ന കുറ്റം ചുമത്തി ടെലിവിഷൻ താരം അഖിൽമാരാരുടെ പേരിൽ കൊട്ടാരക്കര പോലീസ് കേസെടുത്തു. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ രാജ്യവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കര പരാതി നൽകിയിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പഹൽഗാം ആക്രമണത്തിന്റെയും തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ ഫെയ്‌സ്ബുക്കിലിട്ട അഖിൽമാരാരുടെ പോസ്റ്റ് സംബന്ധിച്ചാണ് പരാതി നൽകിയത്. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ വെടിനിർത്തൽ ധാരണയെ വിമർശിച്ചു കൊണ്ട് അഖിൽ നടത്തിയ പ്രസ്താവനയാണ് കേസിന് അടിസ്ഥാനം. സംഭവം വിവാദമായതോടെ വിഡിയോ അഖിൽ മാരാർ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയുള്ളതാണ് അഖിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റെന്ന് പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

