ഇ.പി. പറഞ്ഞത് അങ്ങനെയും ഒരു കാലമുണ്ടായിരുന്നു എന്നല്ലേ ?

Kerala Politics
Print Friendly, PDF & Email

കണ്ണൂർ: ഉപതെരഞ്ഞെടുപ്പ് ദിവസം വാർത്താമാദ്ധ്യമങ്ങളിലൊക്കെ സജീവ ചർച്ചാ വിഷയമാക്കിക്കൊണ്ടു പുറത്തുവന്നതാണ് “കട്ടൻ ചായയും, പരിപ്പുവടയും” ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന ഇപി ജയരാജിന്റെ ജീവിതക്കുറിപ്പുകൾ എന്ന പുസ്തകത്തിന്റെ പിഡിഎഫ് . സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എന്ന നിലയിൽ ഇ.പി. ജയരാജന്റെ ആത്മകഥയിലേതെന്ന പേരിൽ പുറത്തുവന്ന പരാമർശങ്ങൾ വൻവിവാദമായി. രണ്ടാം പിണറായി സർക്കാർ ആദ്യത്തേതിനേക്കാൾ ദുർബലമാണെന്നും, പാലക്കാട്ടെ പി. സരിന്റെ സ്ഥാനാർഥിത്വത്തെ പരോക്ഷമായി വിമർശിക്കുന്ന വിധത്തിൽ, സ്വതന്ത്രർ ഒരു വയ്യാവേലിയാകുമെന്ന താക്കീതും പുസ്തകത്തിലുണ്ടെന്നാണ് വിവരം.

വിവാദ പരാമർശങ്ങളടങ്ങിയ ജയരാജന്റെ ആത്മകഥ ഇന്നലെ പുറത്തിറങ്ങുമെന്നാണ് വിവിധ ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്ത. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും ഇ.പി. ജയരാജന്റെയും ചിത്രങ്ങൾ സഹിതം ‘കട്ടൻചായയും പരിപ്പുവടയും’ എന്ന ശീർഷകത്തിലുള്ള പുസ്തകത്തിന്റെ മുഖചിത്രവും വാർത്തകൾക്കൊപ്പം പ്രചരിച്ചു. എന്നാൽ, ഇപി ജയരാജൻ ഇക്കാര്യം നിഷേധിച്ചു. തന്റെ ആത്മകഥ പൂർത്തിയായിട്ടില്ലെന്നും പുറത്തുവന്നതൊന്നും താൻ എഴുതിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ആത്മകഥയിലേതെന്ന പേരിൽ പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്നാരോപിച്ച്് ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.

പരാതി ഒക്കെ കൊടുത്തെങ്കിലും ഒരു കാലഘട്ടം വരച്ചു കാട്ടാൻ തിരഞ്ഞെടുത്ത തലക്കെട്ട് കൂടുതൽ ചർച്ചാ വിഷയമാകുകയാണ്. കട്ടൻ ചായയും പരിപ്പ് വടയും എന്നത് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ അടക്കം ആദ്യ കാലങ്ങളിൽ പാർട്ടി കമ്മറ്റികൾക്കായി ആളെക്കൂട്ടാൻ പാർട്ടി തന്നെ തീരുമാനിച്ചിരുന്നതാണ്. എല്ലാ ലോക്കൽ കമ്മറ്റികളിലും ഇത് നടന്നിരുന്നു. സഖാക്കക്കൾക്ക് ഇതൊരു ആശ്വാസം കൂടിയായിരുന്നു എന്ന് പറയാതെ വയ്യ . ഇന്നത്തെ കാലത്തെ ബിരിയാണിയും കുപ്പിയുമൊക്കെ കാഴ്ച വെച്ചാലും കമ്മറ്റികൾക്ക് ആളുകൂടുന്നില്ല എന്ന പരാതി കണക്കിലെടുക്കുമ്പോൾ അന്നത്തെ കാലഘട്ടം ഓർമ്മപ്പെടുത്താൻ ഈ തലക്കെട്ട് തന്നെ ഉചിതം. പിണറായി സർക്കാരിനെ കടന്നാക്രമിച്ചാണ് പുസ്തകത്തിലെ എഴുത്തുകൾ പുരോഗമിക്കുന്നത് എന്നാണു പറയപ്പെടുന്നത്. കണ്ണൂർ രാഷ്ട്രീയത്തിലെ പല സംഭവങ്ങളുടെയും വെളിപ്പെടുത്തലുകളും ഇതിൽ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വായനാക്കാർ. എന്തായാലും ഇറങ്ങുന്നതിനു മുമ്പുതന്നെ വൈറലായ പുസ്തകമായി ഇത് മാറി എന്നുള്ളതാണ് സത്യം. ഇനി ഇതിന്റെ കൂടുതൽ വിവരങ്ങളോ, ഈ പുസ്തകം തന്നെയോ ഇന്റെർനെറ്റിലോ. അല്ലാതെയോ പുറത്തുവന്നാലും അത്ഭുതപ്പെടേണ്ട. അത്രമാത്രം പ്രാധാന്യം ഈ പുസ്തകത്തിനു വന്നുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *