സന്നിധാനത്തെ ആയുർവേദ ആശുപത്രിയുടെ വിപുലപ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിർവഹിച്ചു

Pathanamthitta Kerala
Print Friendly, PDF & Email

ശബരിമല: മണ്ഡലകാലം പകുതി കഴിയുമ്പോൾ സന്നിധാനത്തും പമ്പയിലും ആശുപത്രി സേവനം തേടുന്ന തീർഥാടകാരിൽ പകുതിയും പനി ചികിത്സക്ക്‌. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ആശുപത്രികളിൽ എത്തിയ അറുപത്തിനായിരത്തിലധികം പേരിൽ പകുതിയും പനി, ജലദോഷം, കഫക്കെട്ട് എന്നിവയ്ക്കാണ് ചികിത്സ തേടിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. സന്നിധാനത്ത് പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവും മല കയറുന്നതിലെ ആയാസവുമാണ് മിക്കപ്പോഴും പ്രതികൂല ആരോഗ്യാവസ്ഥ സൃഷ്ടിക്കുന്നതെന്നും സന്നിധാനം മെഡിക്കൽ ഓഫിസർ അനീഷ് കെ സോമൻ പറഞ്ഞു.

നിലവിൽ വിവിധ രോഗങ്ങൾക്കായി ചികിത്സയിലിരിക്കുന്നവർ ദർശനത്തിനായി എത്തുമ്പോൾ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതണമെന്നും ദർശനത്തിന് എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപേ നടത്തം ഉൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ ചെയ്ത് തുടങ്ങണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. മല കയറുന്നതിനിടയിൽ ക്ഷീണം, തളർച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാൽ മല കയറുന്നത് നിർത്തി വൈദ്യസഹായം തേടണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

22 ദിവസത്തിനിടെ പമ്പയിലും സന്നിധാനത്തും വിവിധ ആശുപത്രികളിൽ 67597 പേർ വിവിധ ചികിത്സയ്ക്കായെത്തി. സന്നിധാനത്ത് 28839 പേർ അലോപ്പതി ചികിത്സ തേടിയപ്പോൾ 25060 പേർ ആയുർവേദ ചികിത്സ തേടി. 1107 പേരാണ് ഹോമിയോ ചികിത്സ തേടിയത്. പമ്പയിൽ വിവിധ ആശുപത്രികളിലായി12591 പേർ ചികിത്സ തേടി.

ആയുർവേദ ആശുപത്രിക്ക് കൂടുതൽ സൗകര്യം

സന്നിധാനത്തെ ആയുർവേദ ആശുപത്രിയിൽ ദേവസ്വംബോർഡ് സൗകര്യങ്ങൾ വിപുലപ്പെടുത്തി. നിലവിലെ ആയുർവേദ ആശുപത്രിയോടനുബന്ധിച്ച് നടപ്പന്തലിനടുത്ത് പഞ്ചകർമ്മ ചികിത്സാ സൗകര്യങ്ങളും മസാജിങ്, ബാൻഡേജിങ്, സ്റ്റീം യൂണിറ്റുകൾ എന്നിവയ്ക്കും വേണ്ട സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് .

വിപുലപ്പെടുത്തിയ ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിർവഹിച്ചു. ആയുർവേദ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ .പി എസ് മഹേഷ് അധ്യക്ഷനായിരുന്നു. ഡോ .എ സുജിത്, ഡോ .കെ ജി ആനന്ദ്, ഡോ. പ്രവീൺ കളത്തിങ്കൽ, ഡോ. ദീപക് സി നായർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *