പത്തനംതിട്ട: ഏഴുവയസ് മാത്രം പ്രായമായ ഇരട്ട സഹോദരിമാരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മെഴുവേലി കുറിയാനിപ്പള്ളിൽ ആശാഭവൻ വീട്ടിൽ ശിവദാസനെ (67) പത്തനംതിട്ട ഫാസ്ട്രാക്ക് ജഡ്ജ് ഡോണി തോമസ് വർഗീസ് 55 വർഷം കഠിന തടവിനും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാതിരുന്നാൽ ഏഴു വർഷം അധിക കഠിനതടവും അനുഭവിക്കണം. കഴിഞ്ഞ വർഷമാണ് സംഭവം. പെൺകുട്ടികളുടെ വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതി കുട്ടികളോട് വെള്ളം ആവശ്യപ്പെടുകയും ടി.വി കണ്ടു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ജയ്‌സൺ മാത്യൂസ് ഹാജരായ കേസിൽ പെൺകുട്ടികളുടെ മൊഴി പ്രത്യേകമായി രേഖപ്പെടുത്തി പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. രണ്ടാമത്തെ കേസിൽ പ്രതിയ്ക്ക് ഏഴു വർഷം കഠിന തടവും ഒന്നര ലക്ഷം രൂപയും ശിക്ഷ വിധിച്ചിട്ടുണ്ട്. രണ്ട് കേസിലേയും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി പറഞ്ഞു. ഇരുകേസുകളും അന്വേഷണം നടത്തിയത് ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ദീപുവാണ്.


