വോട്ടറന്മാർ ആരെയാകും അനുഗ്രഹിക്കുക ; അനുഗ്രഹങ്ങൾക്കായി എല്ലാത്തരം അടവുകളും സജീവം
വയനാട് : നാളെ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഓരോ വോട്ടർമാരെയും കണ്ട് അവസാന വട്ട നിശബ്ദ പ്രചരണം കൂടി പൂർത്തിയാക്കാൻ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ ഓട്ടത്തിലാണ്. ഇന്നലെ ആവേശകരമായ കൊട്ടിക്കലാശത്തിന് ശേഷം ചേലക്കരയിലും വയനാടും ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ സമയമാണ്. വോട്ടറന്മാരെയൊക്കെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ. നിശബ്ദമായി എല്ലാത്തരം അടവുകളും അണിയറയിൽ സജീവം. അവയുടെ പ്രയോഗങ്ങളും നിശബ്ദമായി നടക്കുന്നുണ്ട്. !!
എൽഡിഎഫിന് ചേലക്കര വിട്ടുകൊടുക്കേണ്ടി വരുമോ ? 1996 ന് ശേഷം മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് യുഡിഎഫ് തിരഞ്ഞെടുപ്പിലെ താര സ്ഥാനാർത്ഥിയായ രമ്യാ ഹരിദാസിനെ ഇറക്കിയിരിക്കുന്നത് . തൃശൂർ ലോക്സഭാ മണ്ഡലത്തിലെ അട്ടിമറി വിജയത്തിന്റെ ആത്മവിശ്വാസമാണ് ചേലക്കരയിൽ ബിജെപിയും അട്ടിമറി തന്നെ പ്രതീക്ഷിക്കുന്നുണ്ട്. ജയപരാജയങ്ങൾ തീരുമാനിക്കാൻ പിവി അൻവറിന്റെ ഡിഎംകെ സ്ഥാനാർഥി എൻ കെ സിധീറും സജീവം.
വയനാട്ടിൽ ശ്രദ്ധാകേന്ദ്രമായത് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയും, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമാണ്. മണിക്കൂറുകൾ നീണ്ട കൊട്ടിക്കലാശം ഇന്നലെ ആറരയോടെയാണ് രണ്ടിടത്തും അവസാനിച്ചത്. എൻ ഡി എ സ്ഥാനാർത്ഥി നവ്യാഹരിദാസ് മികച്ച പ്രചാരണമാണ് മണ്ഡലത്തിൽ നടത്തിയത്. കൊട്ടിക്കലാശത്തിൽ ഇടയ്ക്ക് ക്രെയിനിലേറിയും പിന്നീട് താഴെയിറങ്ങി പ്രവർത്തകർക്കൊപ്പം നൃത്തം ചവിട്ടിയും നവ്യാഹരിദാസ് ജനങ്ങൾക്കൊപ്പമാണ് താനെന്ന് വ്യക്തമാക്കി.ഇടതു മുന്നണിയുടെ കൊട്ടിക്കലാശത്തിൽ സ്ഥാനാർത്ഥി സത്യൻ മൊകേരിയും മന്ത്രി രാജനും പ്രസാദും പങ്കെടുത്തു. അടിയൊഴുക്കുകളാണ് ഫലത്തെ സ്വാധീനിക്കുക എന്ന് അറിയാവുന്ന രാഷ്ട്രീയ പാർട്ടികൾ എല്ലാ അടവുകളും വോട്ടറന്മാരെ സ്വാധീനിക്കാനായി പുറത്തിറക്കിയിട്ടുണ്ട് എന്നാണറിയുന്നത്. ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്നതും, പണം പിടിച്ചെടുക്കുന്നതുമൊക്കെ സൂചനകൾ മാത്രം. അതിലൊക്കെ എത്രയോ വലിയ നീക്കങ്ങൾ നിശബദമായി ഇന്ന് നടക്കും. നാളത്തെ പോളിങ് കഴിഞ്ഞാൽ ജനവിധി അറിയാൻ പിന്നെയും കാത്തിരിക്കേണ്ടിവരും.


