ട്രംപിനൊപ്പം യുഎസ് ഭരണത്തിൽ ശക്തമായ സാന്നിദ്ധ്യമായി ഉഷ ചിലുകുറി എന്ന ഇന്ത്യൻ വനിതയും

World
Print Friendly, PDF & Email

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യൻ വംശജയായ കമലാ ഹാരിസ് പരാജയപ്പെട്ടെങ്കിലും യു.എസിന്റെ ഭരണ സിരാ കേന്ദ്രങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമായി മറ്റൊരു ഇന്ത്യന്‍ വനിത ഉണ്ട്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ.ഡി. വാന്‍സി (ജെയിംസ് ഡേവിഡ് വാന്‍സ് ) ന്റെ ഭാര്യയായ ഉഷ വാന്‍സ് ( ഉഷ ചിലുകുറി ). യുഎസ് തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം പാം ബീച്ച് കൗണ്ടി കണ്‍വെന്‍ഷനില്‍ വെച്ച് നടത്തിയ പ്രസംഗത്തിനിടെ ഡോണള്‍ഡ് ട്രംപ് എടുത്തുപറഞ്ഞ രണ്ടു പേരുകള്‍ ജെ.ഡി. വാന്‍സിന്റെയും ഉഷയുടെയുമായിരുന്നു എന്നത് ശ്രദ്ധേയം.

ഉഷാ വാന്‍സിനേക്കുറിച്ചും ട്രംപിന്റെ പ്രചാരണങ്ങളില്‍ അവര്‍ വഹിച്ച പങ്കിനേക്കുറിച്ചും എടുത്തുപറയണം. ഉഷ ചിലുകുറി എന്നാണ് യഥാര്‍ത്ഥ പേര്. ആന്ധ്രാപ്രദേശിലെ വട്‌ലൂര്‍ ആണ് സ്വദേശം. ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയ കുടുംബത്തിലെയാണ് ഉഷ. സാന്‍ ഫ്രാന്‍സിസ്‌കോയിലായിരുന്നു ഉഷയുടെ ബാല്യകാലം. യെയ്ല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് മാസ്റ്റര്‍ ബിരുദവും നേടി. പിന്നീട് നിയമ പഠനത്തിലേക്കു തിരിഞ്ഞു. യെയ്ല്‍ ലോ സ്‌കൂളില്‍വെച്ചാണ് ജെ.ഡി. വാന്‍സും ഉഷയും പരിചയപ്പെടുന്നത്. ഈ പരിചയം 2014-ല്‍ വിവാഹത്തില്‍ കലാശിച്ചു. നിയമപഠനത്തിന്റെ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ അവര്‍ ഈ സമയം. ഇവാന്‍, വിവേക്, മിറാബെല്‍ എന്നിങ്ങനെ മൂന്നു മക്കളുണ്ട്.

പൊതുപരിപാടികളിലും മറ്റും അത്ര സജീവമായിരുന്നില്ലെങ്കിലും ഭര്‍ത്താവിന്റെ രാഷ്ട്രീയ യാത്രയില്‍ ഉഷയുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. ഗ്രാമീണ അമേരിക്കയിലെ സാമൂഹിക ജീവിതം സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാന്‍ വാന്‍സിനെ സഹായിച്ചത് ഉഷയാണ്. ഇതു പിന്നീട് വാന്‍സിന്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഓര്‍മ്മക്കുറിപ്പായ ‘ഹില്‍ബില്ലി എലിജി’യുടെ അടിത്തറയായി. ഈ പുസ്തകത്തെ ആസ്പദമാക്കി റോണ്‍ ഹോവാര്‍ഡ് 2020-ല്‍ ഇതേപേരില്‍ സിനിമയും ഇറക്കി.

ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഉഷയ്ക്ക് ആഴത്തില്‍ അറിവുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞത് വ്യവസായിയും ട്രംപിന്റെ കുടുംബ സുഹൃത്തുമായ എ.ഐ. മാഡിസണായിരുന്നു. ഉഷ പ്രഗത്ഭയായ അഭിഭാഷകയും ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളുമാണെന്നും അവരുടെ ഭര്‍ത്താവ് ട്രംപിന്റെ ടീമിലേക്ക് യുവത്വവും വൈവിധ്യവും കൊണ്ടുവരുന്നുവെന്നുമാണ് മാഡിസണ്‍ പറഞ്ഞത്. ഉഷയ്ക്ക് ഇന്ത്യന്‍ സംസ്‌കാരത്തേക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അറിയാം. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള മഹത്തായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ അഭിഭാഷകയായ അവര്‍ അവരുടെ ഭര്‍ത്താവിന് വലിയ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉഷയുടെ കുടുംബം ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചതുമൊക്കെ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾക്ക് ഇന്ന് വിഷയമാണ് .

 

Leave a Reply

Your email address will not be published. Required fields are marked *