പത്തനംതിട്ട: നഗരസഭ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ര്‌ട ചലച്ചിത്രോത്സവത്തിന് തുടക്കമായി. ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന മേളയ്‌ക്ക് പത്തനംതിട്ട ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയാണ് ഏകോപനം നിർവഹിക്കുന്നത്. ഉദ്‌ഘാടന സമ്മേളനം ഇന്ന് വൈകിട്ട് 4.30 ന് ഐശ്വര്യ തീയേറ്ററിൽ നടക്കും. വിഖ്യാത ചലച്ചിത്രകാരൻ ഷാജി.എൻ. കരുൺ ഉദ്‌ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് ഫെസ്‌റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. സംവിധായകൻ കവിയൂർ ശിവപ്രസാദ് മുഖ്യാതിഥിയായിരിക്കും. ഫെസ്‌റ്റിവൽ ലോഗോ രൂപകൽപ്പനയ്‌ക്കുള്ള സമ്മാനം ആന്റോ ആന്റണി എം.പി വിതരണം ചെയ്യും. തുടർന്ന് മൂന്ന് ദേശീയ അവാർഡുകൾ നേടിയ ആനന്ദ് ഏകർഷിയുടെ ആട്ടം പ്രദർശിപ്പിക്കും.മലയാളം, ഇന്ത്യൻ, ലോകം എന്നീ മൂന്ന് വിഭാഗങ്ങളിലായി 28 സിനിമകൾ പ്രദർശിപ്പിക്കും. ട്രിനിറ്റി മൂവി മാക്‌സ് സ്‌ക്രീൻ 2,3, രമ്യ എന്നീ തീയറ്ററുകളും ടൗൺഹാളുമാണ് പ്രദർശന വേദികൾ.

1925 ൽ പുറത്തിറങ്ങിയ ബാറ്റിൽഷിപ്പ് പൊട്ടെംകിൻ മുതൽ 2023 ൽ എത്തി നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ആട്ടം, അദൃശ്യജാലകം വരെയുള്ള സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 11 സിനിമകൾക്ക് രണ്ട് പ്രദർശനങ്ങൾ വീതം ഉണ്ട്. ആകെ 37 പ്രദർശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
നാളെ രാവിലെ 9.30 മുതൽ നാലു സ്‌ക്രീനുകളിലായി പ്രദർശനം തുടരും. രാവിലെ 11 ന് ടൗൺഹാളിൽ സെമിനാർ, പുസ്‌തക പ്രകാശനം ഓപ്പൺ ഫോറം എന്നിവ നടക്കും. അദൃശ്യ ജാലകങ്ങൾ, വലൈസ പറവകൾ എന്നിവയുടെ പ്രദർശനത്തിന് ശേഷം സംവിധായകരായ ഡോ. ബിജു, സുനിൽ മാലൂർ എന്നിവർ പ്രേക്ഷകരുമായി സംവദിക്കും. 10 ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. 13 മലയാള സിനിമകളാണ് പ്രദർശനത്തിനുള്ളത്. 10 ലോക ക്ലാസിക്കുകളുമുണ്ട്. ഡെലിഗേറ്റ് രജിസ്‌ട്രേഷൻ മുഖേനെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
ഇന്നലെ പത്തനതിട്ട നഗരം വിളംബര ജാഥയുടെ ആവേശത്തിൽ
പത്തനംതിട്ട: അന്താരാഷ്ര്‌ട ചലച്ചിത്ര മേളയുടെ വരവറിയിച്ച് നഗരത്തിൽ നടന്ന വിളംബര ജാഥയിൽ ആയിരങ്ങൾ അണിനിരന്നു. വാദ്യ മേളങ്ങളുടെ അകമ്പടിയിൽ വീട്ടമ്മമാരുടെ തിരുവാതിര മുതൽ പുലികളിയും മലബാർ തെയ്യവും ശിങ്കാര കാവടിയും ആദിവാസി നൃത്തവും പ്ലോട്ടുകളും തെരുവിൽ നിറഞ്ഞതോടെ നഗരത്തിൽ ആവേശത്തിരയിളകി.

സംഘാടകസമിതി ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നേതൃത്വം നൽകി. വൈസ് ചെയർമാൻ കെ. ജാസിംകുട്ടി. ജനറൽ കൺവീനർ എം എസ്.സുരേഷ്, രഘുനാഥൻ ഉണ്ണിത്താൻ, സംഘാടകസമിതി അംഗങ്ങളായ ആമിന ഹൈദരാലി, കെ.ആർ.അജിത് കുമാർ, പി.കെ.അനീഷ്, അഡ്വ. എ.സുരേഷ് കുമാർ, സി.കെ.അർജുനൻ, ആർ.സാബു, മേഴ്‌സി വർഗീസ്, അനില അനിൽ, ശോഭ കെ. മാത്യു, വിമല ശിവൻ, ആൻസി തോമസ്, വി.ആർ.ജോൺസൺ, അംബികാ വേണു, മീനു മോഹൻ, എസ്. ഷൈലജ, സുജാ അജി, എസ്. ഷീല, സുമേഷ് ബാബു, ആനി സജി, കെ.അനിൽകുമാർ, എ.ഗോകുലേന്ദ്രൻ, റോയ് വർഗീസ് മത്തായി, അശോക് കുമാർ, പി.കെ.ജേക്കബ്, തുടങ്ങിയവർ പങ്കെടുത്തു.
ചലച്ചിത്രം മേളയുടെ പ്രദർശന ഷെഡ്യൂൾ (തിയേറ്റർ സ്‌ക്രീൻ, സിനിമ, പ്രദർശന സമയം എന്ന ക്രമത്തിൽ)
ഇന്ന്
ട്രിനിറ്റി സ്‌ക്രീൻ 2: കുട്ടി സ്രാങ്ക് (രാവിലെ 9.30 ), ബി 32 മുതൽ 44 വരെ (ഉച്ചയ്‌ക്ക് 12.00), ടേസ്‌റ്റ് ഓഫ് ചെറി ( ഉച്ച കഴിഞ്ഞ് 2.30)
ട്രിനിറ്റി സ്‌ക്രീൻ 3: റാഷമൺ (9.30), സ്വരൂപം (11.30), ലൈഫ് ഈസ് ബ്യൂട്ടിഫുൾ (2.30).
രമ്യ: കോർട്ട് (9.30) ദ ലഞ്ച് ബോക്‌സ് (11.45) സ്‌പ്രിംഗ്, സമ്മർ, ഫോൾ, വിന്റർ ആന്റ് സ്‌പ്രിംഗ് (2.30)
ടൗൺ ഹാൾ: ഓളവും തീരവും (9.30) മാൻഹോൾ (12.00) പോംഗ്രനേറ്റ് ഓർചാഡ് (2.30).


