പത്തനംതിട്ട – കഴിഞ്ഞ ദിവസങ്ങളിലെ സമൂഹ മാധ്യമ വൈറൽ വാർത്തയാണല്ലോ സീരിയൽ നടൻ ക്രിസ് വേണുഗോപാലും, നടി ദിവ്യ ശ്രീധറും വിവാഹിതരായി എന്നുള്ളത്. ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹത്തിൽ ദിവ്യ ശ്രീധരന്റെ മക്കളും, ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അയ്യോ.. ഈ കിളവനെ നടി കല്യാണം കഴിച്ചോ.. എന്ന തരത്തിലാണ് അത്ഭുതത്തോടെ മലയാളി സാധാരണ പോലെ ഇതിനോട് പ്രതികരിച്ചത്. എന്നാൽ 49 വയസ്സ് മാത്രം പ്രായമുള്ള ക്രിസും, 43 കാരി ദിവ്യയും ഒരുമിക്കുമ്പോൾ ചർച്ചയാകുന്നത് ക്രിസിന്റെ കറുപ്പ് പുരട്ടാത്ത വ്യക്തിത്വം തന്നെയാണ്. !!
ഏതാണ്ട് എന്റെ ദുബായിലെ പ്രവാസകാലം ആരംഭിക്കുന്ന 1997 കൾ മുതൽ എനിക്ക് ക്രിസ് എന്ന ക്രിസ് ഗോപാലകൃഷ്ണനെ അറിയാം. മലയാളം എഫ് എം റേഡിയോയിലെ പ്രൊഫഷണൽ. അറബിക്ക് ടെലിവിഷനുകളിൽ എഡിറ്ററായി ജോലി ചെയ്തിരുന്ന ഞാൻ മലയാളം ചാനലുകളിലും നിരവധി പരിപാടികൾ ചെയ്തിരുന്നു. മലയാളം ചാനലിലെ ആദ്യ പരിപാടി ഏഷ്യാനെറ്റിലെ മാണിക്യ ചെമ്പഴുക്ക എന്ന കോയിപ്രം പ്രവാസി അസോസിയേഷന്റെ ഓണം പ്രോഗ്രാം, പിന്നീട് പത്തുമുറിയും പൊന്നോണവും എന്ന എന്റെ നാട്ടുകാരുടെ പത്തുമുറി റെസ്റ്റോറന്റിന്റെ കലാഭവൻ നവാസ് പങ്കെടുത്ത ഓണം പരിപാടി, ഷാര്ജാ മലയാളി സമാജത്തിന്റെ പരിപാടികൾ, ചിറയിൻകീഴ് താലൂക്ക് വെൽഫെയർ അസോസിയേഷന്റെ പരിപാടികൾ, ശ്രീനാരായണീയ സംഘടനയായ സേവനത്തിന്റെ തുടക്ക സമയത്തെ പരിപാടികൾ, പിന്നീട് ഗൾഫ് ടൂർ ( കൈരളി ). ഗൾഫ് ഗൈഡ് ( കൈരളി ) നേര് (പീപ്പിൾ ), ജീവൻ ടിവിയിൽ ചില പരിപാടികൾ തുടങ്ങി വളരെയേറെ എപ്പിസോഡുകൾ ചെയ്ത പരിപാടികൾ ഒക്കെ…
എന്റെ നാട്ടുകാരനും മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഓട്ടോസ്പെയർപാർട്ട്സ് കച്ചവടക്കാരനായ ശ്രീ ടിവി രാജന്റെ അന്ന് 50 വർഷം പിന്നിട്ട പ്രവാസജീവിത വിജയത്തിന്റെ ഡോകളുമെന്ററി ചെയ്യുവാനും എനിക്ക് ഭാഗ്യമുണ്ടായി. ജപ്പാനിൽ നിന്നടക്കം വന്ന അതിഥികളുടെ മുമ്പിൽ പ്രദർശിപ്പിച്ച ആ ഡോകുമെന്ററിക്ക് പിന്നിലെ ശബ്ദം ക്രിസിന്റെ ആയിരുന്നു.
പിന്നീട് ക്രിസ് നാട്ടിൽ വന്ന ശേഷവും ചില യൂടൂബ് വീഡിയോകളുടെ ഇംഗ്ലീഷ് നരേഷൻ ചെയ്യാൻ ഞാൻ ക്രിസിനെ ബന്ധപ്പെട്ടിരുന്നു. പിന്നെയാണ് സീരിയലുകളിൽ ക്രിസ് നിറഞ്ഞഭിനയിക്കുന്നത് കാണുന്നത്.
ക്രീസിനും കുടുംബത്തിനും മംഗളാശംസകൾ നേരുകയാണ്. അഭിനയത്തിനും ഒക്കെ അപ്പുറം സിനിമയിലടക്കം പ്രഫഷണലായി പലതും ചെയ്യാൻ ക്രീസിനു കഴിയും. അത് കഴിയട്ടെ എന്നാശംസിക്കുകയാണ്. മുന്നോട്ടുള്ള വഴിയിൽ ശോഭനമായ ആശംസകൾ നേർന്നുകൊണ്ട്…
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട


