റാന്നി: കളിയാക്കിയതിലെ വിരോധത്താൽ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. കായംകുളം പെരിങ്ങാല ശിവശ്ശേരിൽ കിഴക്കേതിൽ വീട്ടിൽ നിന്നും, റാന്നി തോട്ടമൺ ചക്കങ്കൽ പ്രതാപ് കുമാറിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രതീഷ് (42)ആണ് അറസ്റ്റിലായത്. റാന്നി ഉതിമൂട് വലിയകലുങ്ക് നാലുസെന്റ് കോളനി പൊഴിക്കൽ വീട്ടിൽ മോഹന(70)നാണ് കത്തികൊണ്ടുള്ള ആക്രമണത്തിൽ കഴുത്തിലും ചെവിയുടെ താഴെയും മറ്റും ഗുരുതരമായി പരുക്കേറ്റത്.
തോട്ടമൺ അമ്പലത്തിനടുത്തുള്ള പലചരക്കുകടയുടെ തിണ്ണയിൽ ഉറങ്ങിക്കിടന്ന മോഹനന് കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിയോടെയാണ് കുത്തേറ്റത്. ഇയാളെ പ്രതി തട്ടിയുണർത്തിയശേഷം കൊല്ലുമെന്ന് പറഞ്ഞാണ് കയ്യിലിരുന്ന കത്തികൊണ്ട് കഴുത്തിലും ചെവിയിലും മറ്റും കുത്തിയത്. വലതു തോളിലും കൈകളിലും കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചു. തുടർന്ന്, ഒന്നരയോടെ സ്‌റ്റേഷനിലെത്തി രതീഷ് പോലീസിനോട് വിവരം പറയുകയായിരുന്നു. വിവരം അറിഞ്ഞ് രാത്രി പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഗുരുതര പരിക്കുകളോടെ കിടന്ന മോഹനനെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന്, ഇയാളുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പ്രതിയെ വൈദ്യപരിശോധനക്കുശേഷം സ്‌റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. രാവിലെ 9 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ദ്ധരും ഡിപ്പാർട്‌മെന്റ് ഫോട്ടോഗ്രാഫറും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. റാന്നി പോലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്‌ഐ കൃഷ്ണകുമാർ, എഎസ്‌ഐ കൃഷ്ണൻ കുട്ടി എന്നിവരാണുള്ളത്.


