റാന്നി – ഏറെ വിവാദമായ ശബരിമല സ്വർണ്ണ കവർച്ചാ കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഹാജരാക്കിയപ്പൊൾ അസാധാരണ നടപടികൾക്കാണ് ഇന്ന് റാന്നി മജിസ്ട്രേറ്റ് കോടതി സാക്ഷ്യം വഹിച്ചത്. പ്രതിയെ കൊണ്ടുവരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് നൂറ് കണക്കിന് ആളുകളാണ് കോടതിയിലും പരിസരത്തും തടിച്ചുകൂടിയത്. പ്രോസിക്യൂഷൻ്റെ ആവശ്യം പരിഗണിച്ച് റാന്നി മുസസിഫ് മജിസ്ട്രേറ്റ് അരുൺ കുമാർ അടച്ചിട്ട കോടതി മുറിയിലാണ് വാദം കേട്ടത്. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിൻ്റെ ആവശ്യത്തെ തുടർന്ന് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അഭിഭാഷകനുമായി സംസാരിക്കാൻ 10 മിനിട്ട് സമയം നൽകുകയും പിന്നീട് പ്രതിഭാഗം അഭിഭാഷകൻ്റെ ഭാഗം കേൾക്കുകയും ചെയ്ത ശേഷം പ്രതിയെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയുമായിരുന്നു.
സാധാരണമായി കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ റിമാൻ്റ് ചെയ്ത് രണ്ടോ മൂന്നോ ദിവസത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുകയാണ് പതിവ്. പ്രതിഭാഗത്തിൻ്റെ ആവശ്യം പരിഗണിച്ച് ഉണ്ണികൃഷ്ണൻ പോറ്റിക്ക് വൈദ്യ സഹായം ഉറപ്പാക്കാൻ കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടു പോകുമ്പോൾ തന്നെ ചതിച്ചു എന്നും, ചതിച്ചവർ നിയമത്തിന് മുന്നിൽ വരും എന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമ പ്രവർത്തകരോടായി പറഞ്ഞു.
അതിനിടെ ഉണ്ണി കുഷ്ണൻ പോറ്റിക്ക് നേരെ ബിജെപി പ്രവർത്തകരുടെ ചെരിപ്പേറും ഉണ്ടായി. ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതിന് ബാക്കിയായി അന്വേഷണത്തോട് ഉണ്ണികൃഷ്ണൻ പോറ്റി പൂർണ്ണമായും സഹകരിക്കും എന്ന് പ്രതിഭാഗം അഭിഭാഷകനായ ലെവിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും രണ്ട് അംഗങ്ങളുമടക്കം 10 പേർ പ്രതികളായ ആദ്യത്തെ കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിൽ ഹാജരാക്കിയത്. ഉണ്ണികൃഷ്ണൻ പോറ്റി തന്നെ മുൻനിർത്തി തട്ടിപ്പ് നടത്തിയ ആളുകളെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോuസ്ഥരോട് വിശദമായിത്തന്നെ പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. കസ്റ്റഡിയിൽ വിട്ടുകിട്ടിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ, കൂടുതൽ വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

