കൊച്ചി – ബൗളിങ് മികവിനൊപ്പം ഓപ്പണർമാരുടെ മികച്ച പ്രകടനമാണ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ വിജയം എളുപ്പമാക്കിയത്. പതിഞ്ഞ തുടക്കമായിരുന്നു എങ്കിലും അർദ്ധ സെഞ്ച്വറി നേടിയ രണ്ട് ഓപ്പണർമാരും ചേർന്ന് കൊച്ചിയുടെ വിജയത്തിന് അടിത്തറയിട്ടു. 34 പന്തിൽ നിന്ന് 54 റൺസുമായി ആനന്ദ് കൃഷ്ണനും 50 പന്തിൽ നിന്ന് 51 റൺസുമായി ജോബിൻ ജോബിയുമാണ് ബാറ്റിങ്ങിൽ തിളങ്ങിയത്.
ആദ്യ ഓവറിൽ നേരിട്ട മൂന്നാം പന്ത് ശരീരത്തിൽ കൊണ്ടതോടെ പരിക്കേറ്റ് മടങ്ങിയ ആനന്ദ് പിന്നീട് മടങ്ങിയെത്തിയാണ് അർദ്ധ സെഞ്ച്വറിയിലേക്ക് ബാറ്റ് വീശിയത്. മറുവശത്ത് കഴിഞ്ഞ മത്സരത്തിൽ നിന്ന് പാടെ വ്യത്യസ്തമായൊരു ഇന്നിങ്സായിരുന്നു ജോബിൻ ജോബിയുടേത്. കോഴിക്കോടിനെതിരെ തകർത്തടിച്ച ജോബിൻ ഇന്ന് വളരെ കരുതലോടെയായിരുന്നു ബാറ്റ് വീശിയത്. അതോടെ സ്കോറിങ് വേഗത്തിലാക്കുന്നതിന്റെ ചുമതല ആനന്ദ് കൃഷ്ണൻ ഏറ്റെടുത്തു.

സച്ചിൻ ബേബി എറിഞ്ഞ എട്ടാം ഓവറിലായിരുന്നു ആനന്ദിന്റെ ആദ്യ സിക്സ്. തൊട്ടടുത്ത ഓവറുകളിലെല്ലാം ബൗളർമാരെ അതിർത്തി കടത്തിയ ആനന്ദ് കൊച്ചിയുടെ ഇന്നിങ്സിനെ വേഗത്തിലാക്കി. എസ് മിഥുൻ എറിഞ്ഞ 13ആം ഓവറിൽ 16 റൺസ് നേടിയ ആനന്ദ് ടൂർണ്ണമെന്റിലെ തന്റെ ആദ്യ അർദ്ധ സെഞ്ച്വറിയും കണ്ടെത്തി. മികച്ച സ്കോറിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തിലാണ് ഷറഫുദ്ദീന്റെ പന്തിൽ ആനന്ദ് പുറത്തായത്. രണ്ട് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ആനന്ദിന്റെ ഇന്നിങ്സ്. പരിക്കേറ്റ് മടങ്ങിയതിന് ശേഷം പിന്നീട് മടങ്ങിയെത്തി വേദന വകവയ്ക്കാതെ ബാറ്റ് വീശി നേടിയ അർദ്ധ സെഞ്ച്വറി കൂടുതൽ തിളക്കമുള്ളതായി. ഈ മികവിനെ തേടി മാൻ ഓഫ് ദി മാച്ച് പുരസ്കാരവുമെത്തി.

മറുവശത്ത് കരുതലോടെ ബാറ്റ് ചെയ്ത ജോബിനും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി മടങ്ങി. ശനിയാഴ്ച്ചത്തെ മത്സരത്തോടെ ലീഗിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ ജോബിനാണ്. നാല് ഇന്നിങ്സുകളിലായ 194 റൺസാണ് ജോബിനുള്ളത്. ഇതിൽ രണ്ട് അർദ്ധ സെഞ്ച്വറിയും ഉൾപ്പെടും.


