പത്തനംതിട്ട – വിമാനം കണ്ട് കാര്യമെന്തെന്ന് അറിയാതെ സന്ദര്‍ശകരെല്ലാം ആദ്യമൊന്ന് അമ്പരന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് മൗണ്ട്സിയോന്‍ കോളജ് ഓഫ് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ഥികള്‍ വിമാനവുമായി എത്തിയത്. മേളയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വിമാനം കൗതുകകാഴ്ചയായി.
പ്രൊപ്പെല്ലര്‍, ജോയ്സ്റ്റിക്, പെഡല്‍സ്, ത്രോട്ടില്‍ ലിവല്‍ എന്നിങ്ങനെ വിമാനത്തിന്റെ ഓരോ ഭാഗങ്ങളെ കുറിച്ചും വിദ്യാര്‍ഥികള്‍ വിശദീകരിച്ച് നല്‍കുന്നുണ്ട്. സെസ്ന എന്ന് വിളിപ്പേരുള്ള ചെറുവിമാനമാണ് ജില്ലാ സ്റ്റേഡിയത്തില്‍ മേളയുടെ ഭാഗമായി എത്തിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് വിമാനത്തിന്റെ ഭാഗങ്ങളെല്ലാം വിശദമായി കാണാനും അറിയാനും ഫോട്ടോ എടുക്കാനുമൊക്കെയുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിമാനത്തിന്റെ നിര്‍മാണത്തെ കുറിച്ചും പരിപാലനത്തെക്കുറിച്ചും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കുന്ന വിമാനമാണ് ഇത്. കോളജ് അധ്യാപകന് സുഭാഷ് സുധാകരന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ സംഘമാണ് മേളയിലെത്തിയിരിക്കുന്നത്.


