കുവൈറ്റിലെ പ്രവാസിസംരംഭകർക്കായി എൻ.ബി.എഫ്.സി വെബിനാർ സംഘടിപ്പിച്ചു ; പ്രവാസി സംരംഭകർക്ക് എല്ലാ സഹായവും നോർക്ക ലഭ്യമാക്കും: അജിത് കോളശേരി

Kerala World
Print Friendly, PDF & Email

തിരുവനന്തപുരം – പ്രവാസികൾക്ക് സംരംഭകരാകുന്നതിനുള്ള എല്ലാ സഹായവും നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ (എൻബിഎഫ്‌സി) വഴി നൽകുമെന്ന് നോർക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. പ്രവാസി വെൽഫെയർ കുവൈറ്റുമായി സഹകരിച്ച് നോർക്ക എൻബിഎഫ്‌സി ഓൺലൈനായി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുയോജ്യമായ ബിസിനസ്സ് മേഖല കണ്ടെത്തൽ, പദ്ധതി തിരഞ്ഞെടുപ്പ്, പദ്ധതി രൂപീകരണം, ബാങ്ക് വായ്പ തുടങ്ങി എല്ലാ സഹായങ്ങളും സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എൻബിഎഫ്‌സി ലഭ്യമാക്കും. പ്രവാസികൾക്ക് എൻബിഎഫ്‌സി സേവനം ഫോൺ മുഖേനയോ, നേരിട്ടോ, ഓൺലൈനായോ ഉപയോഗപ്പെടുത്താനാകും. സംരംഭം തുടങ്ങിയ ശേഷം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ മാർഗനിർദേശവും എൻബിഎഫ്‌സിയിൽ നിന്നു ലഭിക്കുമെന്നും സിഇഒ പറഞ്ഞു.

എൻബിഎഫ്‌സി പ്രോജക്ട്‌സ് മാനേജർ കെ.വി. സുരേഷ് പദ്ധതി വിശദീകരണം നടത്തി. പ്രവാസി വെൽഫെയർ കുവൈറ്റ് പ്രസിഡന്റ് റഫീഖ് ബാബു പൊന്മുണ്ടം, പ്രവാസി വെൽഫെയർ കുവൈറ്റ് ജനറൽ സെക്രട്ടറി രാജേഷ് മാത്യു, പ്രവാസി വെൽഫെയർ കുവൈറ്റ് ഗവൺമെന്റ് അഫയേഴ്‌സ് വകുപ്പ് കൺവീനർ ഖലീൽ റഹ്‌മാൻ എന്നിവർ സംസാരിച്ചു. വ്യവസായ വകുപ്പിന്റെ സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സംരംഭക മേഖലയിൽ നടത്തുന്ന പരിശീലന പരിപാടികൾ യോഗത്തിൽ അവതരിപ്പിച്ചു. കുവൈറ്റിൽ നിന്നുള്ള 90 പ്രവാസി കേരളീയർ വെബിനാറിൽ പങ്കെടുത്തു. പ്രീ റിട്ടേൺ ഓറിയന്റേഷൻ പ്രോഗ്രാമിലെ ആദ്യ വെബിനാറാണ് നടന്നത്. എൻബിഎഫ്‌സി മുഖാന്തിരം കഴിഞ്ഞ നാലു വർഷം 35 പരിശീലന പരിപാടികൾ നേരിട്ടും, ഓൺലൈനായും നടത്തിയിരുന്നു. 1800 ൽ പരം പ്രവാസികളും, തിരികെ വന്ന പ്രവാസികളും ഈ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. എൻബിഎഫ്‌സിയുടെ സഹകരണത്തോടെ 500 ൽ പരം യൂണിറ്റുകൾ ആരംഭിക്കുകയോ, വിപുലീകരിക്കയോ ചെയ്തിട്ടുണ്ട്. ഈ വർഷം ജൂൺ മുതൽ എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിലെ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ എറണാകുളത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റിൽ വച്ച് മൂന്നു ദിവസത്തെ റസിഡൻഷ്യൽ സംരംഭകത്വ പരിശീലന പരിപാടി നടത്തുന്നുണ്ട്. ഒരു ബാച്ചിൽ 30 പേർക്കാണ് പരിശീലനം നൽകുക. ആഹാരം, താമസം എന്നിവ സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *