തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്തു നിന്നും പുറപ്പെടും ; പന്തളത്തു നാളെ ഗതാഗത നിയന്ത്രണം

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം: മകരവിളക്കിനു ശബരിമലയിൽ ഭഗവാനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷ യാത്ര നാളെ വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽനിന്നു പുറപ്പെടും. ഉച്ചയ്ക്ക് ഒന്നിനു തുടങ്ങുന്ന യാത്ര പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ചു 14നു വൈകിട്ടു സന്ധ്യയോടെ സന്നിധാനത്തെത്തിച്ചേരും. തുടർന്നു തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടക്കും. ആ സമയം ആകാശത്തു മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരവിളക്കും തെളിയും.

നാളെ പുലർച്ചെ 5നാണു ക്ഷേത്രനട തുറക്കുക. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിൽ, സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നു തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിക്കും. ശ്രീകോവിലിനു മുമ്പിൽ പേടകം തുറന്നു വയ്ക്കുന്നതിനാൽ ഉച്ചയ്ക്കു 12 മണി വരെ തിരുവാഭരണ ദർശനം നടത്താം. തുടർന്ന് ഉച്ചപൂജയ്ക്കായി നട അടയ്ക്കും.

പിന്നീടു ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കും. ശ്രീകോവിലിനു മുമ്പിൽ വച്ച്, പൂജിച്ച ഉടവാൾ വലിയ തമ്പുരാൻ രാജപ്രതിനിധിയ്ക്കു കൈമാറും. തിരുവാഭരണ പേടകം അടച്ചു മേൽശാന്തി നീരാജനം ഉഴിയും. തുടർന്നു രാജപ്രതിനിധി തൃക്കേട്ട നാൾ രാജരാജവർമ ശ്രീകോവിലിനു പുറത്തെത്തി പല്ലക്കിലേറി യാത്രയ്ക്കു ശുഭാരംഭം കുറിയ്ക്കും. ഒരു മണിയോടെ കൃഷ്ണപ്പരുന്ത് ശ്രീകോവിലിനു മുകളിൽ വട്ടമിട്ടു പറക്കുന്നതോടെ കൊട്ടാരം കുടുംബാംഗങ്ങൾ തിരുവാഭരണ പേടകം കിഴക്കേനടയിൽ ഗുരുസ്വാമിയുടെ ശിരസ്സിലേറ്റും. തുടർന്നു ഘോഷയാത്ര പുറപ്പെടും. മരുതമന ശിവൻകുട്ടി പൂജാപാത്രങ്ങളടങ്ങുന്ന പെട്ടിയും കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ കൊടിപ്പെട്ടിയും ശിരസ്സിലേറ്റി ഗുരുസ്വാമിയെ അനുഗമിക്കും.

കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിനം പെരുനാട് വഴി ളാഹ വനം വകുപ്പു സത്രത്തിലും സംഘം വിശ്രമിക്കും. മൂന്നാം ദിവസം കാനനപാതയിലൂടെ തുടരുന്ന ഘോഷയാത്ര നിലയ്ക്കൽ, പ്ലാപ്പള്ളി വഴി അട്ടത്തോട്ടിലെത്തും അവിടെ നിന്ന് ഉൾക്കാട്ടിലേക്കു പ്രവേശിക്കുന്ന ഘോഷയാത്ര വലിയാനവട്ടവും ചെറിയാനവട്ടവും കടന്നാണു വൈകിട്ടോടെ ശബരിമലയിലെത്തുക.

മരക്കൂട്ടത്തു നിന്നു ഘോഷയാത്രയെ ദേവസ്വം ബോർഡിൻ്റെയും അയ്യപ്പസേവാസംഘത്തിൻ്റെയും നേതൃത്വത്തിൽ വാദ്യഘോഷങ്ങൾ, കർപ്പൂരാഴി എന്നിവയുടെ അകമ്പടിയോടെ സന്നിധാനത്തേക്കു സ്വീകരിച്ചാനയിയ്ക്കും. ഘോഷയാത്ര നയിച്ചെത്തുന്ന രാജപ്രതിനിധി പമ്പയിൽ രാജമണ്ഡപത്തിലെത്തി ഭക്‌തർക്കു ഭസ്‌മം നല്കി അനുഗ്രഹിക്കും. മൂന്നാം ദിവസമാണു രാജപ്രതിനിധി മലകയറുക. സന്നിധാനത്തു കളഭവും മാളികപ്പുറത്തു ഗുരുതിയും കഴിഞ്ഞു ശബരിമല നടയടച്ചതിനു ശേഷം രാജപ്രതിനിധി തിരുവാഭരണങ്ങളുമായി പന്തളത്തേക്കു മടങ്ങും.

പന്തളത്തു നാളെ ഗതാഗത നിയന്ത്രണം

എംസി റോഡിൽ നാളെ ഗതാഗത നിയന്ത്രണമേർപ്പെടുത്തും. കോട്ടയത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ രാവിലെ 8 മുതൽ കുളനട ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് അമ്പലക്കടവ് വഴി തുമ്പമൺ ജംഗ്ഷനിലെത്തിയാണു പോകേണ്ടത്. ഘോഷയാത്ര പുറപ്പെടുന്ന സമയത്ത് എംസി റോഡിൽ ഗതാഗതം അനുവദിക്കില്ല. 200 പോലീസുകാരെ കൂടാതെ 50 സ്പെഷൽ പോലീസ് ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്.

സുരക്ഷാ ക്രമീകരണങ്ങൾ സുശക്തം

തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയുമായി ബന്ധപ്പെട്ടു പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്‌ കുമാർ അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര സഞ്ചരിക്കുന്ന പാതകളിലും മറ്റും തീർഥാടകർക്കു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സജ്‌ജീകരണങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തി. എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിനുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

മകരവിളക്കിനു ശേഷം നിലയ്ക്കലിൽ നിന്നുള്ള വാഹനങ്ങൾ ഇലവുങ്കൽ, കണമല, പ്ലാപ്പള്ളി, ളാഹ പെരുനാട്, വടശ്ശേരിക്കര വഴി യാത്ര ചെയ്യണം. എരുമേലിയിൽ നി ന്നുള്ള വാഹനങ്ങൾ റാന്നി ചേത്തോങ്കരയിൽ നിന്നു നിലയ്ക്കലേയ്ക്കു പോകാൻ അനുവദിക്കില്ല. ഇവ മന്ദിരംപടിയിലേക്കു തിരിഞ്ഞു യാത്ര തുടരണം. എല്ലാ പാർക്കിംഗ് ഗ്രൗണ്ടുകളിലും ഭക്തർക്ക് എല്ലാവിധ അവശ്യ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മകരവിളക്കു കഴിഞ്ഞാലുടൻ പമ്പയിൽ നിന്നുള്ള അറിയിപ്പനുസരിച്ച് വാഹനങ്ങൾ പുറത്തേക്ക് വിട്ടുതുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *