തൃശൂർ: കേരള ക്രിക്കറ്റ് അസോസിയേഷൻ സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന ടി20 കേരള ക്രിക്കറ്റ് ലീഗിന്റെ തൃശൂർ ടീമിനെ സ്വന്തമാക്കി പ്രമുഖ വ്യവസായിയും മുൻ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്. തിരുവനന്തപുരം സ്വദേശി സജ്ജാദ് കേന്ദ്ര സർക്കാർ അംഗീകൃത സ്റ്റാർ എക്സ്പോർട്ട് ഹൗസായ ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറാണ്. നിലവിൽ കേരള വെറ്ററൻസ് ആൻഡ് ക്രിക്കറ്റേഴ്സ് അസോസിയേഷൻ ഓഫ് കേരള ( വിസിഎകെ) യ്ക്ക് വേണ്ടി സജ്ജാദ് കളിക്കുന്നുണ്ട്. എട്ട് വയസു മുതൽ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ സജ്ജാദ് ക്രിക്കറ്റിനോടുള്ള അഭിനിവേശം കൊണ്ടാണ് തൃശൂർ ക്ലബിനെ സ്വന്തമാക്കി കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായത്.
സെപ്റ്റംബർ രണ്ട് മുതൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐക്കണിക് സ്പോർട്സ് ഹബ്ബിലാണ് മത്സരം. തൃശൂർ ടീമിനെ കൂടാതെ മറ്റ് അഞ്ച് ടീമുകൾ കൂടി മത്സരത്തിൽ പങ്കെടുക്കും. ടീം പ്രഖ്യാപനവും ലോഗോ, ജേഴ്സി എന്നിവയുടെ പ്രകാശനവും തൃശൂരിൽ വെച്ച് നടക്കുമെന്ന് ടീം ഉടമ സജ്ജാദ് പറഞ്ഞു. മികച്ച ടീമിനെ നേരിടാൻ കഴിയുന്ന കരുത്തുറ്റ ടീമിനെ തൃശൂരിൽ നിന്ന് വാർത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യം. കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്നതിനോട് ഒപ്പം തന്നെ ക്രിക്കറ്റിൽ താത്പര്യമുള്ളവരെ കണ്ടെത്തി താഴേത്തട്ട് മുതൽ പരിശീലനം നൽകി തൃശൂരിൽ നിന്നുള്ള മികച്ച കളിക്കാരെ രാജ്യത്തിന് സംഭാവന ചെയ്യാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1989 മുതൽ തിരുവനന്തപുരത്ത് ഡിവിഷൻ ലീഗ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ സജ്ജാദ് വിവിധ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2014 ൽ നടന്ന കെഎംസിസി ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച ബൗളറും മോസ്റ്റ് വാല്യുവബിൾ പ്ലെയറുമായിരുന്നു അദ്ദേഹം. സജാദ് ഡയറക്ടറായ ഫിനെസ്സ് ഗ്രൂപ്പ് ഷിപ്പിങ്, കൺസ്ട്രക്ഷൻ രംഗത്തും ബിസിനസ് നടത്തി വരുന്നു.


