പത്തനംതിട്ട – സിനിമ ഏറ്റവും കൂടുതല്‍ ആളുകളെ സ്വാധീനിക്കാനും വഴിതെറ്റിക്കാനും സാധിക്കുന്ന മാധ്യമമാണ്, അതിനാല്‍ ചലച്ചിത്ര മേഖലയിലെ ലഹരി ഉപയോഗം ഏറെ ഗൗരവമായി കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണെന്ന് പ്രശസ്ത സംവിധായകനും ആയുഷ് ഹോമിയോ- ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ. ഡി. ബിജു കുമാര്‍ പറഞ്ഞു. ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ‘യുവതലമുറയും മയക്കുമരുന്നും’ എന്ന വിഷയത്തില്‍ എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. ബിജു. ചില സിനിമകളില്‍ ലഹരി ഉപയോഗത്തെ ഹീറോയിക് ആയി കാണിച്ച് കൈയടി വാങ്ങുന്ന പ്രവണത കണ്ടുവരുന്നുണ്ട്. സമൂഹത്തില്‍ ഇത് ഏറെ അപകടകരമാണ്. 20-ാം നൂറ്റാണ്ടിന്റെ കല ആയി അറിയപ്പെടുന്ന സിനിമ, കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധമാവുക, ദൂഷ്യമായ ആശയങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക എന്നത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യക്ഷത്തില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് എന്ന് തോന്നുന്ന ചില താരങ്ങളുടെ അഭിമുഖങ്ങള്‍ക്ക് പ്രചാരമേറുന്നതും, ഇവരുടെ ഇന്റര്‍വ്യൂകള്‍ക്കായി മാധ്യമങ്ങള്‍ മത്സരിക്കുന്നതും തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെറ്റുകളിലും മറ്റും ഷാഡോ പോലീസിനെ നിയമിച്ചതോടെ മേഖലയില്‍ മയക്കുമരുന്ന് കടത്ത് കുറയുന്നുണ്ട്. ലഹരി ഉപയോഗത്തിന് തടയിടുന്നതിന് ബോധവത്കരണം മാത്രമാണ് പോംവഴിയെന്നും യഥാര്‍ത്ഥ ഹീറോയിസം എന്നാല്‍ മനുഷ്യന് പ്രയോജനപ്പെടുന്ന, സേവനം ലഭിക്കുന്ന വിധത്തില്‍ സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
യുവതലമുറയില്‍ ഇന്ന് മദ്യത്തേക്കാള്‍ ഉപരിയായി വര്‍ധിച്ചുകൊണ്ടിരിക്കുന്നത് മയക്കുമരുന്നുകളുടെ ഉപയോഗമാണെന്ന് സെമിനാര്‍ അവതരിപ്പിച്ചു കൊണ്ട് കലഞ്ഞൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വി.സി. സംഗീത പറഞ്ഞു. സമൂഹത്തില്‍ മദ്യം കൊണ്ടുണ്ടായിട്ടുള്ള വിപത്തുകളിലും ഏറെ അധികമാണ് മയക്കുമരുന്നിന്റെ ഉപയോഗം മൂലമുണ്ടാകുന്നത്. അടുത്തിടെ നടന്ന ഡോ.വന്ദന ദാസിന്റെ കൊലപാതകം ഇതിന് ഉദാഹരണമാണ്. മയക്കുമരുന്നിനെ കുറിച്ചും, അതുണ്ടാക്കുന്ന പ്രശ്നങ്ങളെകുറിച്ചും വരും തലമുറ ബോധവാന്മാരായിരിക്കണം. കുട്ടികള്‍ ലഹരിക്ക് അടിപ്പെടാനുള്ള പ്രധാനകാരണം വിവേചനബുദ്ധി പൂര്‍ണമായും വികസിക്കാത്തതിനാലാണ്. കുട്ടികളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ കൊണ്ട് അവര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് മനസിലാക്കാം. മാറുന്ന സാമൂഹിക ചുറ്റുപാടുകളും, കുടുംബാന്തരീക്ഷവും, കലാ-കായികപരമായ മറ്റ് താല്‍പര്യങ്ങള്‍ ഇല്ലാത്തതും, മടുപ്പേറിയ ജീവിതശൈലിയും കുട്ടികളില്‍ ലഹരി ഉപയോഗം കൂടാന്‍ കാരണമാവുന്നുണ്ട്. ചില ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
പലതരം മയക്കുമരുന്നുകളെ കുറിച്ചും, അവയുടെ ഉപയോഗത്തെ കുറിച്ചും, ഇവ ഉപയോഗിക്കുന്ന ആളുകളെ, പ്രത്യേകിച്ച് കുട്ടികളെ എങ്ങനെ തിരിച്ചറിയാം എന്നും വേദനാസംഹാരികളും മറ്റ് മരുന്ന് ഉത്പന്നങ്ങളും ലഹരിക്കായി ഉപയോഗിക്കുന്നതിനെക്കുറിച്ചും അവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും സെമിനാറില്‍ വിശദീകരിച്ചു. ലഹരിക്ക് അടിപെട്ട വ്യക്തിയെ എങ്ങനെ ജീവിതത്തിലേക്ക് തിരിച്ച്
കൊണ്ടുവരാം എന്നതിനെ കുറിച്ചും സെമിനാറില്‍ പ്രതിപാദിച്ചു.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎസ്ഇഎസ്എ പ്രസിഡന്റ് എ. അയൂബ് ഖാന്‍, വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീയ്ക്കല്‍, ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


