അനിയന്ത്രിത വിമാന യാത്രാക്കൂലി വർദ്ധനവിന് പരിഹാരം തേടി ‘ഡയസ്‌പോറ സമ്മിറ്റ് ഇൻ ഡൽഹി’

India Kerala World
Print Friendly, PDF & Email

അബുദാബി : സീസൺ സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വർദ്ധനവിന് പരിഹാരം തേടി വിവിധ പ്രവാസി സംഘടനകൾ ഡൽഹിയിൽ സംഘടിപ്പിക്കുന്ന സമ്മിറ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സമ്മിറ്റിൽ പങ്കെടുക്കാനുള്ള പ്രതിനിധികളുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു.
കെഎംസിസിയുടെ നേതൃത്വത്തിൽ മുപ്പതോളം പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ‘ഡയസ്‌പോറ സമ്മിറ്റ് ഇൻ ഡൽഹി’ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 8ന് ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബ് ഹാളിൽ നടക്കുന്ന സമ്മിറ്റിൽ കേരളത്തിൽ നിന്നുള്ള മുഴുവൻ എം.പിമാരും പങ്കെടുക്കും. സമ്മിറ്റിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ റിപ്പോർട്ടിംഗ് വൈകുന്നേരം 3.30ന് ആരംഭിക്കും. രണ്ട് സെഷനുകളിലായാണ് സമ്മിറ്റ് നടക്കുക. വിമാനയാത്രാക്കൂലിയുമായി ബന്ധപ്പെട്ട സെഷനിൽ ദുബൈ, മുൻ കോൺസുൽ ജനറൽ വേണു രാജാമണി പങ്കെടുക്കും. പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട സെഷനിൽ മുൻ ഇലക്ഷൻ കമ്മീഷണർ എസ്.വൈ ഖുറൈഷിയും സംബന്ധിക്കും.

KMCC Diaspora summit – Delhi

വൈകുന്നേരം 7 മണിക്ക് നടക്കുന്ന മുഖ്യസെഷനിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ സമ്മിറ്റിൽ പ്രവാസികളുമായി സംവദിക്കും. സമ്മിറ്റിന്റെ ഭാഗമായി വിവിധ പ്രവാസി സംഘടനകൾ ചേർന്ന് തയ്യാറാക്കിയ പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും അടങ്ങിയ മാർഗരേഖ എം.പിമാർക്ക് സമർപിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് പാർലിമെന്റിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ക്രിയാത്മകമായ ഇടപെടലുകൾ ഈ സമ്മിറ്റിന് ഊർജം പകരും. പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളിൽ കൂട്ടായ മുന്നേറ്റത്തിന് അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ഡയസ്‌പോറ സമ്മിറ്റിന്റെ ആദ്യ രണ്ടു സെഷനുകൾ കഴിഞ്ഞ ഫെബ്രുവരി 11, മെയ് 5 ദിവസങ്ങളിൽ നടന്നിരുന്നു. ഇതിൽ വിവിധ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നതിൽ വിമാനയാത്രാകൂലി മർമ പ്രധാനമായ വിഷയമായിരുന്നു. കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന ഘട്ടത്തിൽ തന്നെ കേരളത്തിൽ നിന്നുള്ള എം.പിമാർ ഈ വിഷയം ഉന്നയിച്ചത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്നതാണ്.

ഇന്നലെ അബുദാബിയിൽ ചേർന്ന പ്രോഗ്രാം ബ്രീഫിംഗിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. കേന്ദ്ര മന്ത്രിമാരെയും സമ്മിറ്റിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്ന് സംഘാടകർ പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചർ ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *