ഇന്ത്യയിൽ 80% ഉരുൾപൊട്ടലും നടക്കുന്നത് കേരളത്തിലാണ്… എന്തുകൊണ്ട് ഉരുൾപൊട്ടൽ ?

Kerala Lifestyle Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – ഇന്ത്യയിൽ ഉരുൾപൊട്ടൽ നടക്കുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണ്. മലനിരകളിലേക്ക് അനിയന്ത്രിതമായ മനുഷ്യന്റെ കടന്നുകയറ്റവും, നിർമ്മാണങ്ങളും ഒക്കെയാണ് ഒരു കാരണം. കേരളം നേരിട്ട ഉരുൾപൊട്ടലുകളിൽ ഭൂരിഭാഗവും പശ്ചിമഘട്ട മലനിരകളുടെ ഭാഗമായുള്ള മലനിരകളിലാണ്. പുത്തുമലയും കവളപ്പാറയും പെട്ടിമുടിയുമെല്ലാം ഇതിന് ഉദാഹരണം. വയനാട് മുണ്ടക്കൈയിലും പശ്ചിമഘട്ടമലനിരകളുടെ ഭാഗമായുള്ള പ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത്. പശ്ചിമഘട്ടം ദുർബലമാകുന്നതും അതിതീവ്ര മഴയുമെല്ലാം 2019 മുതൽ തുടർച്ചയായി കേരളത്തിൽ ഉരുൾപൊട്ടലുകൾ ഉണ്ടാകാൻ കാരണമാകുന്നുണ്ട്. മാധവ് ഗാഡ്ഗിലിന്റെ പഠനത്തിൽ വ്യക്തമായി അതിനു രേഖപ്പെടുത്തിയിട്ടുണ്ട്.

ഉരുൾപൊട്ടലിന് രണ്ടു കാരണങ്ങളാണ് പ്രധാനമായും. ഒന്ന് – കണ്ടീഷനിങ് ഫാക്ടേഴ്സ് (തത് സ്ഥിതി ഘടകം) . രണ്ട് – ട്രിഗറിംഗ് ഫാക്ടേഴ്സ് (പ്രേരകഘടകം). കണ്ടീഷനിങ് ഫാക്ടേഴ്സിൽ ഭൂമിയുടെ ചരിവും മണ്ണിന്റെ കനവും ഘടനയുമാണ് ഉരുൾപൊട്ടലിന് കാരണമാകുന്നത്. ട്രിഗറിംഗ് ഫാക്ടേഴ്സിന് മഴയും കാരണമാണ്. കേരളത്തിന്റെ ഭൂപ്രകൃതി കണക്കിലെടുക്കുകയാണെങ്കിൽ ഉരുൾപൊട്ടലുകൾക്ക് കുന്നിന്റെ ചെരിവും പ്രധാന കാരണമാണ്. ഭൂമിയുടെ ചരിവ് 20 ഡിഗ്രിക്കു മുകളിലാണെങ്കിൽ ആ പ്രദേശത്ത് ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള സ്ഥലമെന്നുവേണം വിലയിരുത്താൻ. ഇത്തരം പ്രദേശങ്ങളിൽ തുടർച്ചയായി 100 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിച്ചാൽ ഉരുൾപൊട്ടൽ സാദ്ധ്യത കൂടും.

സംസ്ഥാനത്ത് ഇന്നു നാം കാണുന്ന എല്ലാ പാറകളും 220 മുതൽ 300 കോടി വർഷം പഴക്കമുള്ളതാണ്. പക്ഷേ, അതിന്റെ മുകളിൽക്കാണുന്ന ഒരു മീറ്റർ കനമുള്ള മണ്ണ് വെറും 10,000 വർഷംമാത്രം പഴക്കമുള്ളതും. അതുകൊണ്ടുതന്നെ നല്ലൊരു മഴ പെയ്താൽ ഈ മണ്ണ് ഊർന്നിറങ്ങിവരാനുള്ള സാധ്യത കൂടുതലാണ്.

കേരളത്തിൽ കണ്ടുവരുന്ന ഭൗമപ്രതിഭാസങ്ങൾ ഇതൊക്കെയാണ്..

*ഭൂദ്രവ്യശോഷണം
*ഗുരുത്വാകർഷണംമൂലം ശിലകളോ ദ്രവിച്ച പാറയോ മേൽമണ്ണോ മുകളിൽനിന്ന് താഴോട്ട് പതിക്കുന്നു
*മലയിടിച്ചിൽ
*രണ്ടുമീറ്റർ ആഴത്തിൽ മേൽമണ്ണ് താഴേക്ക്‌ പതിക്കുന്നത്.
*ഉരുൾപൊട്ടൽ
*മണ്ണും അതിന് അടിയിലെ ദ്രവിച്ച പാറയും മരങ്ങളും വെള്ളവും ഒന്നുചേർന്ന് ശക്തിയായി താഴേക്ക് പതിക്കുന്നു
*സോയിൽ പൈപ്പിങ്

ഒരു ഭൂപ്രദേശം ഒന്നായി ഇടിഞ്ഞുതാഴുക. ഭൂമിക്ക് അടിയിൽ വെട്ടുകല്ലുകൾക്ക് അടിയിലായി കളിമണ്ണ് നിറഞ്ഞ ഭാഗങ്ങളുണ്ട്. വെട്ടിമാറ്റിയ മരങ്ങളുടെ വേരുകൾക്ക് ഇടയിലൂടെയൊക്കെ വെള്ളം ഈ കളിമൺ പോക്കറ്റുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ഇതോടെ ഈ കളിമൺപ്രദേശം ഒഴുകിമാറുകയും ഇവയ്ക്ക് മുകൾഭാഗത്തുള്ള വെട്ടുകല്ലടങ്ങിയ ഭാഗം താഴേക്ക്‌ ഇടിയുകയും ചെയ്യുന്നു.

തയ്യാറാക്കിയത് : ഡോ. എസ്. ശ്രീകുമാർ ഐ.ആർ.ടി.സി. മുൻഡയറക്ടർ കെ.എസ്. സജിൻകുമാർ അസി. പ്രൊഫ., കേരള യൂണിവേഴ്‌സിറ്റി ജിയോളജി വിഭാഗം) തയ്യാറാക്കിയത്: അൽഫോൺസ പി. ജോർജ്

 

Leave a Reply

Your email address will not be published. Required fields are marked *