പതിനാലുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസിൽ പ്രതിയ്ക്ക് 60 വർഷം കഠിന തടവും പിഴയും

Crime
Print Friendly, PDF & Email

പത്തനംതിട്ട: പതിനാലുകാരിയെ പ്രണയം നടിച്ച് വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിനെ പോക്‌സോ അതിവേഗ കോടതി 60 വര്‍ഷം കഠിന തടവിനും നാലര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. തോട്ടപ്പുഴശ്ശേരി കോളഭാഗം പരുത്തി മുക്ക്, കുഴിക്കാലായില്‍ ശ്രീജിത് ചന്ദ്രനെ (32) യാണ് ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചു കൊണ്ട് വിധി പ്രസ്താവിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ 27 മാസം അധിക കഠിന തടവും അനുഭവിക്കണം. പോക്‌സോ ആക്ടിലേയും ഇന്ത്യന്‍ പീനല്‍ കോഡിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. 2020 കാലയളവില്‍ പ്രതി കോയിപ്രം വില്ലേജിലെ കുറവന്‍ കുഴി പുലി കല്ലുംപുറത്ത് മേമന വീട്ടില്‍ വാടകയ്ക്ക് താമസിച്ച വേളയില്‍ പതിനാലുകാരിയെ പ്രണയം നടിച്ച് വശീകരിച്ച് പതിനെട്ടു വയസാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.

പ്രതി വിവാഹിതനായിരുന്നുവെങ്കിലും ഭാര്യയുമായി പിണക്കത്തിലാണെന്നും അവര്‍ക്ക് കുട്ടികളുണ്ടാകാത്ത കാരണം വിവാഹ ബന്ധം ഉടനെ വേര്‍പെടുത്തുമെന്നും പറഞ്ഞാണ് പെണ്‍കുട്ടിയുമായി അടുത്തത്. പെണ്‍കുട്ടിയുടെ വീട്ടിലെ മറ്റംഗങ്ങളുമായി പ്രതി സ്‌നേഹബന്ധം സ്ഥാപിച്ചു. അത് മുതലെടുത്ത് വീട്ടിലെ സന്ദര്‍ശകനും സഹായിയുമായി മാറി. ചില ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ രാത്രിയില്‍ അതിക്രമിച്ചു കയറുകയും ലൈംഗിക ബന്ധം പുലര്‍ത്തുകയും ചെയ്തു. ഒരു ദിവസം രാത്രിയില്‍ ജനലരികില്‍ അപരിചിത ശബ്ദം കേട്ടുണര്‍ന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ പ്രതിയെ കാണുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. പ്രതി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചതില്‍ വച്ച് പീഡനം പുറത്തറിഞ്ഞു. കോയിപ്രം പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഡി. ഗോപിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *