കോഴഞ്ചേരി: നിലച്ചുകിടന്ന പുതിയ പാലം നിർമ്മാണത്തിന് വീണ്ടും ജീവൻ വയ്ക്കുമെന്നായതോടെ ഒരു ചരിത്ര സ്മാരകം ഇല്ലാതാകുമോ എന്ന ആശങ്കയിൽ കോഴഞ്ചേരിക്കാർ. രാജഭരണ കാലത്ത് കോഴഞ്ചേരിയിൽ സ്ഥാപിക്കപ്പെട്ട ആദ്യ തപാൽപ്പെട്ടിയായ ” അഞ്ചൽ പെട്ടി ” പാലത്തിനോടനുബന്ധിച്ചു വരുന്ന അപ്രോച് റോഡിന്റെ ഭാഗമായി നീക്കം ചെയ്യപ്പെടുമോ ? എന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്.
തിരുവിതാംകൂർ രാജമുദ്ര ആയ ശംഖ് ആലേഖനം ചെയ്തിരിക്കുന്ന പഴയകാല അഞ്ചൽപെട്ടി സ്ഥാപിച്ചിരിക്കുന്ന സ്ഥലം പാലത്തിനായി ഏറ്റെടുത്തു എന്നാണ് അറിയിപ്പ് വന്നിട്ടുള്ളത്. ഇതോടെ അഞ്ചൽ പെട്ടി പൊളിച്ചു നീക്കേണ്ടി വരും. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി പാലം വരുമ്പോൾ ഒരു ചരിത്ര സ്മാരകം ഇല്ലാതെ ആകരുതെന്നാണ് കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കൽ പറയുന്നത്. അർഹമായ പ്രാധാന്യത്തോടെ അഞ്ചൽ പെട്ടി മാറ്റി സ്ഥാപിക്കണം. കോഴഞ്ചേരിയുടെ മുഖമുദ്രയായ പഴയപാലവും സംരക്ഷിക്കപ്പെടണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം.
ഇക്കാര്യങ്ങളിൽ ജനപ്രതിനിധികളും പാലം നിർമാതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇവർ പറയുന്നു. നിലവിലെ ചന്തക്കടവ് റോഡിൽ നിന്നും പോസ്റ്റ് ഓഫീസിനുള്ളിലേക്ക് 12 അടിയോളം സ്ഥലമാണ് അപ്രോച്ച് റോഡിനായി ഉപയോഗിക്കുക. ഇതിനുള്ളിലാണ് ചരിത്ര പ്രാധാന്യമുള്ള അഞ്ചൽ പെട്ടി സ്ഥാപിച്ചിരിക്കുന്നത്. മനോഹരമായ പൂന്തോട്ടം ഒരുക്കിയും മറ്റും ഇവിടം നേരത്തെ സംരക്ഷിച്ചിരുന്നു. റോഡ് വികസനം പ്രഖ്യാപിച്ചതോടെ പൂന്തോട്ട സംരക്ഷണം ഒക്കെ ഇല്ലാതെ ആയി. എങ്കിലും ഇപ്പോഴും കത്തുകൾ പോസ്റ്റ് ചെയ്യാൻ ഈ ചരിത്ര സ്മാരകമാണ് എല്ലാവരും ഉപയോഗിക്കുന്നത്.


