പത്തനംതിട്ട – സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നാളെ (11) നടക്കും. പത്തനംതിട്ട ജില്ലയിലെ ഏഴു സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകളും നാളെ (11) രാവിലെ മുതൽ പല സമയങ്ങളിലായി മുഴങ്ങും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് നടക്കുന്നത്.
പത്തനംതിട്ട കളക്ടറേറ്റ്, തിരുവല്ല താലൂക്ക് ഓഫീസ്, കെ എസ് ജി എച്ച്എസ്എസ് കടപ്പാറ, ഗവൺമെന്റ് എച്ച്എസ് മേലുകര കീക്കൊഴൂർ റാന്നി, ഗവൺമെന്റ് ഹൈസ്‌കൂൾ കോഴഞ്ചേരി, കമ്മ്യൂണിറ്റി സ്റ്റഡി സെന്റർ കൊടുമുടി, പ്രീ മെട്രിക് ഹോസ്റ്റൽ അച്ചൻകോവിൽ എന്നിവിടങ്ങളിലാണ് ജില്ലയിൽ സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാൽ സൈറണുകൾ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


