ന്യൂയോർക്ക് – ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിക്കുമ്പോൾ ഒരു ഓവർ ബാക്കിയുണ്ടായിരുന്നു. ശേഷിച്ച ആ ആറു പന്തിൽ 10 റൺസെങ്കിലും അവസാന ജോഡിക്ക് നേടാമായിരുന്നുവെങ്കിൽ ഒരു ഫൈറ്റിങ് ടോട്ടൽ എന്നാണ് കമന്റേറ്റർമാർ പറഞ്ഞത്. പാകിസ്ഥാൻ ഇന്നിങ്‌സ് തുടങ്ങി റിസ്‌വാന്റെ ക്യാച്ച് ദുബെ നിലത്തിട്ടതോടെ ടിവി ഓഫ് ചെയ്ത് ഉറങ്ങാൻ പോയവരാണേറെയും. കൊച്ചുവെളുപ്പാൻ കാലത്ത് സ്‌കോർ നോക്കുമ്പോൾ ഇന്ത്യ ആറു റൺസിന് ജയിച്ചിരിക്കുന്നു. അതേ, ഇന്ത്യ 19 ഓവറിൽ നേടിയ 119 മറികടക്കാൻ 20 ഓവർ കളിച്ചിട്ടും പാകിസ്ഥാനായില്ല.
യുഎസ്എയിലെ പ്രവചനാതീതമായ വിക്കറ്റിൽ തീയുണ്ടകൾ വർഷിച്ച് ഭാരത ബാറ്റർമാരെ കുറഞ്ഞ സ്‌കോറിൽ കൂടാരം കയറ്റുമ്പോഴും പാകിസ്ഥാന് ജയിക്കാൻ ഒരോവറിൽ ശരാശരി ആറു റൺ വീതം വേണ്ടിയിരുന്നു. കളിക്കുന്നത് വൺഡേ ആണെങ്കിൽ ഈ റൺ നിരക്കിൽ മറി കടക്കേണ്ടത് 300 റണ്ണാണ്. ട്വന്റി 20 യിൽ 120 ചേസ് ചെയ്യുക എന്നത് ആനക്കാര്യമല്ല. പക്ഷേ, യുഎസ്എയിലെ പിച്ച് എന്തു മറിമായവും കാണിക്കും. പാകിസ്ഥാന്റെ തുടക്കം ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകി. വിൻ പ്രെഡിക്ടറിൽ ഇന്ത്യ ഒരു പാട് പിന്നാക്കം പോയി. അവസാന ഓവറിന് തൊട്ടുമുൻപ് വരെ വിജയം പാകിസ്ഥാനെന്ന് കണക്കു കൂട്ടി വച്ചിരുന്നു.
ബുംറയുടെ മാസ്മരിക ബൗളിങാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതെന്ന് നിസംശയം പറയാം. പക്ഷേ, ഇന്ത്യൻ ഇന്നിങ്‌സിൽ 19-ാം ഓവറിൽ തുടർച്ചയായ മൂന്നു ഡബിൾ ഓടിയെടുത്ത സിറാജാണ് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത്. ഈ വിജയം പോലും ആ ആറു റൺസ് വ്യത്യാസത്തിലാണ്. പാകിസ്ഥാനെ പോലും ഞെട്ടിയ വിജയം. പക്ഷേ, ഈ പിച്ച് ഇങ്ങനെയാണ്. ഇവിടെ ഇനിയും പലരും ഞെട്ടും. ഹോളണ്ടിനോട് കഷ്ടിച്ചാണ് സൗത്ത് ആഫ്രിക്ക ജയിച്ചത്. 101 റൺസ് പിന്തുടർന്ന് നേടാൻ അവരെ സഹായിച്ചത് ഡേവിഡ് മില്ലറുടെ മനഃസാന്നിധ്യം ഒന്നു മാത്രമാണ്. ഒപ്പം ഹോളണ്ടിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പരിചയക്കുറവും.


