വീട്ടുജോലിക്ക് പോയ സ്ത്രീയുടെ മാല ബൈക്കിലെത്തി മോഷ്ടിച്ച കേസിലെ രണ്ടു പ്രതികൾ പിടിയിൽ

Crime
Print Friendly, PDF & Email

അടൂർ: ഏഴംകുളത്ത് ജോലിക്ക് പോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തി മോഷ്ടിച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. കൊല്ലം ശാസ്താംകോട്ട മനക്കര അർഷാദ് മൻസിലിൽ നിഷാദി(37)നെ അടൂർ പോലീസും തൃശൂർ വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടിൽ വീട്ടിൽ അനുരാഗി(24)നെ തൃശ്ശൂർ സിറ്റി സാഗോക് ടീമും, മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ബൈക്കിൽ യാത്ര ചെയ്ത് സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിൽ ഇവർ പ്രതികളാണ്.

മുപ്പതിലധികം മോഷണ കേസുകളിൽ പ്രതിയായ അനുരാഗും വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ നിഷാദും ജയിലിൽ കഴിയുമ്പോഴാണ് പരിചയപ്പെടുന്നത്. ജയിൽ വാസത്തിനുശേഷം പുറത്തിറങ്ങിയ അനുരാഗ് കൊല്ലം ജില്ലയിലെത്തി നിഷാദുമായി ചേർന്ന് ബൈക്കിൽ വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്ന് മാല പൊട്ടിക്കുകയായിരുന്നു. കഴിഞ്ഞ മാസം 13 ന് ഏഴംകുളം, പട്ടാഴിമുക്ക് ജങ്ഷന് സമീപം പട്ടാഴി വടക്കേക്കര, ചെളിക്കുഴി സ്വദേശിനിയുടെ കഴുത്തിലെ ഒന്നര പവന്റെ സ്വർണ്ണമാല ബൈക്കിലെത്തി മോഷ്ടിച്ച കേസിൽ അന്വേഷണം നടക്കുമ്പോഴാണ് അറസ്റ്റുണ്ടായത്. നൂറു കണക്കിന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഇവർ പുനലൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ 11 ന് തൃശൂർ മെഡിക്കൽ കോളേജ് പരിധിയിൽ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ച കേസിൽ അനുരാഗിനെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങൾ തൃശൂർ പോലീസ് കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പോലീസ് സംഘത്തിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് നിഷാദിനെ അടൂരിൽ പിടികൂടിയത്.

മോഷണം നടത്തി കിട്ടുന്ന സ്വർണാഭരണങ്ങൾ വിറ്റ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കറങ്ങി നടന്നും മദ്യവും മയക്കുമരുന്നും ഉപയോഗിച്ചും ആർഭാട ജീവിതമാണ് പ്രതികൾ നയിക്കുന്നത്. അനുരാഗിനൊപ്പം തൃശൂരിലെ കേസിലുൾപ്പെട്ട കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയിൽ പുത്തൻവീട്ടിൽ സാജു എന്നുവിളിക്കുന്ന സാജുദ്ദീനെ(31) യും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിഷാദിനെ ചോദ്യം ചെയ്തതിൽ നിന്നും അടൂർ, പുനലൂർ, കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷൻ പരിധികളിൽ നടന്ന മാല പൊട്ടിക്കൽ കേസുകളിൽ പങ്കെടുത്തത് നിഷാദും, അനുരാഗമാണെന്ന് വ്യക്തമായിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ ആർ. രാജീവ്, എസ്.ഐ എം. പ്രശാന്ത്, എസ്.സി.പി.ഓമാരായ സുനിൽ കുമാർ, സൂരജ്, ശ്യാം കുമാർ, സി.പി.ഒ എം. നിസ്സാർ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *