തൃശൂർ പൂരത്തിലെ കുടമാറ്റത്തിൽ വിസ്മയം തീർത്ത് അയോധ്യയിലെ രാംലല്ലയും !!

Kerala Special Thrissur
Print Friendly, PDF & Email

തൃശൂർ പൂരത്തിലെ കുടമാറ്റത്തിൽ വിസ്മയം തീർത്ത് അയോധ്യയിലെ രാംലല്ലയും !!

തൃശൂർ – പൂരത്തിന് തേക്കിൻകാട് മൈതാനിയിൽ തടിച്ചുകൂടിയ ജനസാഗരത്തിന് മുന്നിൽ വർണവിസ്മയം തീർത്ത് തിരുവമ്പാടി, പാമറമേക്കാവ് ദേവസ്വങ്ങൾ. തിടമ്പേറ്റിയ കൊമ്പന്മാർക്കൊപ്പം മുപ്പത് ഗജവീരന്മാർ തെക്കോട്ടിറങ്ങി വന്ന് പൂരനഗരിയെ ആവേശം കൊള്ളിച്ചപ്പോൾ പതിനായിരക്കണക്കിന് കാണികൾക്ക് മുന്നിൽ വർണങ്ങൾ വാരിവിതറിയ കുടമാറ്റം അങ്ങേയറ്റം ഹൃദ്യമായി. പട്ടുകുടങ്ങളിൽ തുടങ്ങി സ്പെഷ്യൽ കുടകളിൽ വാശിയേറി മത്സരം ഇരു ദേവസ്വങ്ങളും കാഴ്ചവെച്ചു.

സൂര്യൻ അസ്തമിച്ചതോടെ ആവനാഴിയിൽ ഒളിപ്പിച്ച് വെച്ച ബ്രഹ്മാസ്ത്രങ്ങൾ ഒന്നോന്നായി തിരുവമ്പാടിയും പാറമേക്കാവും തൊടുത്തുവിട്ടു. അലങ്കാരവിളക്കുകളാൽ വെട്ടിത്തിളങ്ങിയ തെക്കെഗോപുരനടയിൽ അണിനിരന്ന ഗജവീരന്മാർക്ക് മുകളിൽ അയോധ്യയിലെ രാംലല്ലയുടെ രൂപം എഴുന്നള്ളിച്ചതോടെ പുരുഷാരം ആർത്തുവിളിച്ചു.

പാറമേക്കാവ് വിഭാഗമാണ് ആദ്യം രാംലല്ലയുടെ കോലം പുറത്തെടുത്ത് പിന്നാലെയെത്തി തിരുവമ്പാടിയുടെ മറുപടി. രണ്ടും ഒന്നിനൊന്ന് കേമം.
വടക്കുംനാഥനും തിരുവമ്പാടി കണ്ണനും പാറമേക്കാവ് ഭഗവതിയും ശ്രീപരമേശ്വരനും പരാശക്തിയുമൊക്കെ സ്പെഷ്യൽ കുടകളുടെ രൂപത്തിൽ തേക്കിൻകാട് മൈതാനിയിൽ അവതരിച്ചു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ -2 മിഷനും ഐഎസ്ആർഒക്കും ആദരം അർപ്പിച്ചുകൊണ്ട് തിരുവമ്പാടി ദേവസ്വം ഒരുക്കിയ രൂപവും കാണികൾക്ക് നവ്യാനുഭവമായി.

 

Leave a Reply

Your email address will not be published. Required fields are marked *