അടൂർ – റോഡിൽ കാർ ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് രണ്ടു ബൈക്കുകളിലായി എത്തിയ ആറംഗ സംഘം കോടതിയായി, പിന്നെ വിധിയും നടപ്പിലാക്കി കാർ അടിച്ചു തകർത്തു. കാർ യാത്രക്കാരെ മർദ്ദിച്ചു. നിരവധി കേസുകളിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസിന് സൂചന ലഭിച്ചു. പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ ഇതുവരെ കേസെടുത്തിട്ടില്ല.
വെള്ളിയാഴ്ച വൈകിട്ട് 4.45 ന് നെല്ലിമൂട്ടിപ്പടി ബൈപ്പാസ് തുടങ്ങുന്ന ഭാഗത്തെ സിഗ്നലിന് സമീപം കാർ തടഞ്ഞാണ് ആറംഗ സംഘം കമ്പി വടി കൊണ്ട് കാർ അടിച്ചു തകർത്തത്. കാറിലുണ്ടായിരുന്ന കൊല്ലം പട്ടത്താനം അമ്മൻ നഗർ ഷൈജു മൻസിൽ ഷൈജു (36), കൊട്ടാരക്കര പുത്തൂർ ചരുവിൽ റീസ് (36) എന്നിവരെ മർദിച്ചു. കാറിന്റെ മുൻവശത്തെയും ഒരു വശത്തെ രണ്ട് ഡോറുകളുടേയും ഗ്ലാസുകൾ തകർക്കുകയുമായിരുന്നു. എതിർക്കാൻ ശ്രമിച്ചപ്പോഴാണ് യാത്രക്കാർക്ക് മർദ്ദനമേറ്റത്. ഇവർ ഈരാറ്റുപേട്ടയ്ക്ക് പോവുകയായിരുന്നു. അക്രമത്തിന് ശേഷം ബൈക്കിലെത്തിയ സംഘം സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ആക്രമിക്കപ്പെട്ടവർ തകർന്ന കാറുമായി അടൂർ പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും പകുതി വഴിച്ച് വച്ച് മടങ്ങിയെന്നും പറയുന്നു.
കാർ സമീപത്തുള്ള വർക്ക്ഷോപ്പിലേക്ക് മാറ്റുകയാണ് ചെയ്തത്. പൊലീസ് കേസ് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കാർ പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോകാതിരുന്നതെന്ന് പറയുന്നു. അക്രമത്തിന് ഇരയായവർ സ്റ്റേഷനിൽ ചെല്ലുന്നതിന് മുൻപ് തന്നെ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ ഇടപെട്ട് പ്രശ്നം ഒത്തു തീർപ്പാക്കിയതാണെന്നും പറയുന്നു. രാഷ്ട്രീയ കോടതി വിധിക്കെതിരെ പോലീസ് എന്ത് നടപടി എടുക്കാൻ ?


