അടിച്ചു ഫിറ്റായി സ്വന്തം വിവാഹത്തിന് എത്തിയ വരൻ ; വിവാഹത്തിൽ നിന്നും പിന്മാറി വധു

Pathanamthitta Lifestyle
Print Friendly, PDF & Email

കോഴഞ്ചേരി – സ്വന്തം വിവാഹത്തിനു അടിച്ചു ഫിറ്റായി എത്തി പ്രശ്‌നമുണ്ടാക്കിയ വരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച് കാലുറയ്ക്കാതെ എത്തി പ്രശ്‌നമുണ്ടാക്കിയതോടെ വരനെ കല്യാണ വേഷത്തിൽ തന്നെ പൊലീസ് പിടികൂടിയത്. മദ്യപിച്ചുള്ള വരന്റെ അഭ്യാസ പ്രകടനങ്ങൾ കണ്ട് പേടിച്ച് വധു പിന്മാറിയതോടെ കല്ല്യാണവും മുടങ്ങി. തടിയൂരിലാണു സംഭവം.

വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും എല്ലാം കഴിഞ്ഞ് വധുവും കൂട്ടരും വരനെ കാത്തിരിക്കുമ്പോഴാണ് പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്നിറങ്ങാൻപോലും പാടുപെടുന്നത് കണ്ടത്. ബന്ധുക്കൾ ചേർന്ന് പിടിച്ചാണ് കല്ല്യാണ ചെറുക്കനെ കാറിൽ നിന്നും പുറത്തിറക്കിയത്. പുറത്തിറങ്ങിയതോടെ രംഗം കൂടുതൽ വഷളായി. ചീത്ത വിളിയും ബഹളവുമായി. വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി.

വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരൻ പ്രശ്‌നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരൻ. രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

 

Leave a Reply

Your email address will not be published. Required fields are marked *