ഇസ്രയേൽ കപ്പൽ ഇറാൻ പിടിച്ചെടുത്തു ; മലയാളികൾ അടക്കം ഇന്ത്യാക്കാരും കപ്പലിൽ ; മേഖലയിൽ അശാന്തി

World India
Print Friendly, PDF & Email

ദുബായ് – മിഡിൽ ഈസ്റ്റിൽ അശാന്തി വിതച്ചുകൊണ്ടു ഇറാന്റെ തീക്കളി. ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടവുമായി ബന്ധമുള്ള ഗൾഫിലെ കണ്ടെയ്‌നർ കപ്പലാണ് ഇറാന്റെ റവല്യൂഷണറി ഗാർഡുകൾ പിടിച്ചെടുത്തിരിക്കുന്നത്. തങ്ങൾ കപ്പൽ പിടിച്ചെടുത്തതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷത്തിന്റെ പ്രത്യാഘാതം ഇറാൻ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇസ്രയേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്തത്. യുഎഇയിൽനിന്നു മുംബൈ നാവസേവ തുറമുഖത്തേയ്ക്കു വരുകയായിരുന്ന ‘എംസിഎസ് ഏരീസ്’ എന്നു പേരുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഇറാൻ തീരത്തേക്കു മാറ്റി. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും കപ്പലിലുണ്ടെന്നാണ് റിപ്പോർട്ട്. കോഴിക്കോട്, പാലക്കാട് സ്വദേശികളായ മലയാളികളാണ് കപ്പലിലുള്ളതെന്നാണ് വിവരം.

ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്നർ കപ്പലാണ് എംഎസ്സി ഏരീസ്. ഇസ്രയേലിലെ ശതകോടീശ്വനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് ഈ കമ്പനി. എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപത്തുവച്ചാണ് നാവികസേനയുടെ പ്രത്യേക സംഘം കപ്പൽ പിടിച്ചെടുത്തത്.

കണ്ടെയ്‌നർ കപ്പലിലേക്ക് ഹെലികോപ്ടറിൽ നിന്ന് കയർ ഏണി വഴി മൂന്നുപേർ താഴേക്കിറങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. നേരത്തെയും റവല്യൂഷണറി ഗാർഡുകൾ ഇത്തരത്തിൽ ഹോമർമുസ് കടലിടുക്കിൽ കപ്പലുകൾ പിടിച്ചെടുത്തിട്ടുണ്ട്. ‘എംസിഎസ് ഏരീസ്’ പോർച്ചുഗൽ പതാക വഹിക്കുന്ന കപ്പലാണെന്ന് കപ്പലുകളെ ട്രാക്ക് ചെയ്യുന്ന വെസൽ ഫൈൻഡർ ഡോട് കോം റിപ്പോർട്ട് ചെയ്തു.

ഇറാൻ ഹമാസിനെ പിന്തുണയ്ക്കുന്ന രാജ്യമാണെങ്കിലും ഒക്ടോബർ 7 ലെ ഇസ്രയേലിന് നേരേയുള്ള ഹമാസ് ആക്രമണത്തിൽ നേരിട്ട് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ലോത്തിലെ എണ്ണ വ്യാപാരം കൂടുതൽ നടക്കുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പൽ പിടിച്ചെടുത്തത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ്. മിഡിൽ ഈസ്റ്റിലെ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാരും ഇറാന്റെ ഈ തീക്കളിയിൽ ആശങ്കാകുലരാണ്. ഒരു യുദ്ധമുണ്ടായാൽ അത് ഗൾഫ് രാജ്യങ്ങളെ അടക്കം ബാധിക്കുമെന്നതിനാൽ ആണ് ആശങ്ക .

Leave a Reply

Your email address will not be published. Required fields are marked *