ന്യൂയോർക്ക് : പാസ്പോർട്ട് അടക്കമുള്ള അനുബന്ധ സേവനങ്ങൾക്ക് ബിഎൽഎസ് സെന്റർ നിരക്ക് കൂട്ടി നിശ്ചയിച്ചു. നിരക്ക് വർദ്ധന പ്രാബല്യത്തിലാകും മുൻപേ അപേക്ഷ അയച്ചവരോടും പുതുക്കിയ നിരക്ക് നൽകണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, അടിയന്തര ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ പോലും തിരിച്ചയച്ചിരിക്കുകയുമാണ് ബിഎൽഎസ്.
പ്യുറലേറ്റർ കൊറിയർ എന്ന സ്ഥാപനം വഴി അപേക്ഷകൾ അയച്ചവർക്കാണ് ഇതു കൂടുതൽ വിനയായത്. മാർച്ചിൽ അപേക്ഷകൾ അയച്ചവരുടെ ഫയലുകൾ പ്രോസസ് ചെയ്യാൻ എടുത്തത് ഏപ്രിലിൽ ആണെന്നും അതിനാൽ പുതുക്കിയ നിരക്ക് വേണമെന്നുമുളള വാദമുയർത്തിയാണ് ഒസിഐ കാർഡ്, പാസ്‌പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള അപേക്ഷകൾ തിരിച്ചയച്ചിരിക്കുന്നത്.
പുതുക്കിയ ഫീസിന് അനുസൃതമായ ഡ്രാഫ്റ്റ് സഹിതം വീണ്ടും അപേക്ഷ സമർപ്പിക്കുന്നതിന് നൂറിലേറെ ഡോളർ അധികമായി ചെലവാകുമെന്നാണ് അപേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മാർച്ച് അവസാന വാരം ബിഎൽഎസ് ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ പോലും ഫീസ് വർദ്ധനയെക്കുറിച്ച് സൂചിപ്പിക്കാതിരുന്ന ജീവനക്കാർ ഇപ്പോൾ പറയുന്നത് നേരത്തെ അവർക്ക് അറിയിപ്പ് ലഭിച്ചില്ലെന്നതാണ്.
നേരത്തെ അയച്ചതും ലഭിച്ചതുമായ അപേക്ഷകൾക്ക് സാധാരണഗതിയിൽ ആർക്കും നിരക്ക് വർദ്ധന ബാധമാക്കാതിരിക്കെ ബിഎൽഎസ് സ്വീകരിക്കുന്ന ഇത്തരം നടപടികളിൽ ശക്തമായ അമർഷമാണ് അപേക്ഷകരിൽ പലരും പ്രകടിപ്പിക്കുന്നത്. തിരക്കേറിയ പ്രവാസ ജീവിതത്തിൽ ധനനഷ്ടം മാത്രമല്ല പലർക്കും സമയനഷ്ടം മൂലവും യാത്രകളും മറ്റും മാറ്റിവയ്‌ക്കേണ്ടതായ സാഹചര്യവുമാണുള്ളത്.


