റാന്നി – രണ്ടു കുടുംബങ്ങൾക്ക് അന്തിയുറങ്ങാനായി വീടുവെയ്ക്കാൻ സ്ഥലം വിട്ടുനൽകി മാതൃകയായിരിക്കുകയാണ് ഐത്തല ചെറുകുളഞ്ഞി മേലേക്കൂറ്റ് ജിജി എന്ന (തങ്കച്ചൻ ഫിലിപ്പ് ). തന്റെ കുടുംബവീടിന് സമീപത്തായി റോഡരികിലെ സ്ഥലം ആണ് മൂന്നര സെന്റ് വീതം സൗജന്യമായി നൽകിയത്.
ജീവിക്കാൻ നിവർത്തിയില്ലാതെ ലോൺ എടുത്ത്, തിരിച്ചടക്കാനാകാതെ ജപ്തി ചെയ്യപ്പെട്ട് വാടകവീട്ടിൽ കഴിയുകയായിരുന്ന ചെറുകുളഞ്ഞി കുന്നംപള്ളി അശോകനും, വർഷങ്ങളായി റാന്നിയിൽ വാടകയ്ക്ക് താമസിക്കുന്ന മുക്കൂട്ടുതറ സ്വദേശി ബിനു പി.മാത്യുവിനും ആണ് ജിജി മണ്ണ് വിട്ടുനൽകിയത്.
ഇതിൽ കിഡ്‌നി രോഗി കൂടിയായ അശോകൻ ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ചെയ്തു ജീവിച്ചു വരുകയാണ്. ജീവിക്കാനായി പാടുപെടുന്ന ഇരുവരുടെയും അവസ്ഥ മനസ്സിലാക്കിയ ജിജി മറ്റാരുടെയും പ്രേരണയില്ലാതെയാണ് ഈ സത്കർമം ചെയ്യാൻ തീരുമാനമെടുത്തത്. ഭാര്യ ഷൈനി ഫിലിപ്പും മക്കളും ഇതിന് പൂർണ പിന്തുണയും നൽകി. ഇറ്റലിയിൽ പ്രവാസിയായ ജിജി വർഷങ്ങളായി കുടുംബസമേതം അവിടെയാണ്.
ഐത്തല സെയ്ന്റ് കുറിയാക്കോസ് പള്ളി വികാരി ഫാ. കുറിയാക്കോസ് എം.ഫിലിപ്പ് ജിജിയുടെ സാന്നിദ്ധ്യത്തിൽ ആധാരവും മറ്റ് രേഖകളും ഇരുവർക്കും കൈമാറി. വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്ത് അംഗം സാബു പരുമലയിൽ, പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് ബോബി എബ്രഹാം, ലാലച്ചൻ ഇടശ്ശേരിയിൽ തുടങ്ങിയവർ പങ്കെടുത്തു. ഈ സ്ഥലത്ത് വീട് എന്നത് യാഥാർത്ഥ്യമാക്കാനും സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രണ്ടുകുടുംബങ്ങളും.
ഈ സത്കർമ്മത്തിനു മുൻകൈ എടുത്ത പഞ്ചായത്ത് മെമ്പറുടെ മേൽനോട്ടത്തിൽ തന്നെ ഇവർക്കായി ഭവനങ്ങൾ ഒരുക്കാനുമുള്ള പ്രവർത്തനങ്ങൾ നടക്കും. ഇതിലേക്കായി സന്മസുക്കളുടെ സഹായം അഭ്യർത്ഥിച്ചു കൊള്ളുന്നു .
വാർഡ് മെമ്പർ – സാബു പരുമലയിൽ – +91 9562898022 – GPAY , 8921254724


