പുല്ലാട് ജി ആന്‍ഡ് ജി ഫൈനാൻസ് തട്ടിപ്പ് : രണ്ടു പ്രതികള്‍ കീഴടങ്ങി :

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ആയിരത്തോളം നിക്ഷേപകരിൽ നിന്ന് മൂന്നുറു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന പുല്ലാട് ജി ആന്‍ഡ് ജി ഫൈനാസിയേഴ്‌സ് ഉടമകളായ രണ്ടു പേര്‍ പൊലീസില്‍ കീഴടങ്ങി. തെള്ളിയൂര്‍ ശ്രീരാമസദനം ഡി. ഗോപാലകൃഷ്ണന്‍ നായര്‍, മകന്‍ ഗോവിന്ദ് ജി. നായര്‍ എന്നിവരാണ് ഇന്ന് രാവിലെ തിരുവല്ല ഡിവൈ.എസ്.പി ഓഫീസില്‍ കീഴടങ്ങിയത്.

ഇവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോയിപ്രം പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. മറ്റൊരു പ്രതിയായ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ സിന്ധു ജി. നായര്‍ ഒളിവിലാണ്. ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സിന്ധുവിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടി അഭിഭാഷകന്റെ നിര്‍ദേശപ്രകാരം അച്ഛനും മകനും കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.

വിവരമറിഞ്ഞ് അറുപതോളം നിക്ഷേപകര്‍ കോയിപ്രം പോലീസ് സ്‌റ്റേഷനില്‍ എത്തി. അവരെ കാണിക്കണമെന്നാവശ്യപ്പെട്ടു. പ്രതികളെ കണ്ട് നിക്ഷേപകര്‍ രോഷാകുലരായി. കൂക്കി വിളിക്കുകയും ചെയ്തു.

നാല്‍പ്പതോളം ശാഖകളില്‍ നിന്നായി മുന്നൂറു കോടിയില്‍പ്പരം രൂപയാണ് ഇവര്‍ നിക്ഷേപമായി സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ വരെ എല്ലാ നിക്ഷേപകര്‍ക്കും ഇവര്‍ പലിശയും നല്‍കിയിരുന്നു. തട്ടിപ്പില്‍ പങ്കാളിയാണെന്ന് കരുതുന്ന ഗോവിന്ദിന്റെ ഭാര്യ ലക്ഷ്മി രേഖ ജി. കുമാര്‍ വിദേശത്താണ്. ഇവരെയും നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി. പത്തനംതിട്ട ജില്ലയിലെ അഞ്ചു പോലീസ് സ്‌റ്റേഷനുകളിലായി നൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിശ്വാസ വഞ്ചന, ചതി, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ക്ക് പുറമേ ബഡ്‌സ് ആക്ടും ചുമത്തിയ സാഹചര്യത്തില്‍ ഇവരുടെ ബിനാമി സ്വത്തുക്കള്‍ കണ്ടെത്തുന്നതിനായി രജിസ്‌ട്രേഷന്‍ ഐജിക്ക് പൊലീസ് കത്തു നല്‍കി.

നാല്‍പ്പതോളം ബ്രാഞ്ചുകളിലെ ആയിരത്തോളം നിക്ഷേപകരില്‍ നിന്നായി മുന്നൂറു കോടിയിലധികം രൂപ ഇവര്‍ തട്ടിയെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ 300 മുതല്‍ 600 കോടി വരെയാണ് ഇവര്‍ സമാഹരിച്ചതെന്ന് നിക്ഷേപകരും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *