വികസനത്തിന്റെ പുതിയ സാദ്ധ്യതകളിലേക്ക് വഴിതുറന്ന് പത്തനംതിട്ട നഗരസഭാ ബജറ്റ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട നഗരത്തിന്റെ പുതിയ സാധ്യതകൾ കണ്ടെത്തി അതിലൂടെ വികസനത്തിലേക്ക് വഴി തുറക്കുന്ന വിവിധ പദ്ധതികളുമായി 2024-25 സാമ്പത്തിക വർഷത്തെ നഗരസഭാ ബജറ്റ് അവതരിപ്പിച്ചു. ഫിനാൻസ് കമ്മിറ്റി ചെയർപേഴ്‌സണും നഗരസഭാ വൈസ്‌ചെയർപേഴ്‌സണുമായ ആമിന ഹൈദരാലി ബജറ്റ് അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നയപ്രഖ്യാപനം നടത്തി.

പരിമിതികളിൽ നിന്നുകൊണ്ട് പുതിയ സാധ്യതകൾ തേടുകയും നഗരത്തെ വികസനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പുതിയ പദ്ധതികൾ ഉൾപ്പെടുത്തി വരുന്ന 30 വർഷത്തെ മുന്നിൽക്കണ്ട് തയ്യാറാക്കിയ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രായോഗികവും യുക്തിസഹവുമായ ഇടപെടലുകളിലൂടെ വികസനത്തെ മുന്നോട്ടു നയിക്കുന്നതിന് കക്ഷി രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണയാണ് അനിവാര്യമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.

ആധുനിക കാലത്തിന്റെ സാങ്കേതികവിദ്യയായ നിർമിത ബുദ്ധിയെ നഗരവികസനത്തിൽ ഉപയോഗപ്പെടുത്തുന്ന എഐ ടെക് ടവർ, ശബരിമല ഇന്റർനാഷണൽ ട്രാൻസിറ്റ് ഹബ് ആൻഡ് ശ്രീ അയ്യപ്പ ഹൈടെക് കൺവെൻഷൻ സെന്റർ, ജസ്റ്റിസ് ഫാത്തിമ ബീവിക്കും കെ കെ നായർക്കും സ്മാരകം ഒരുക്കുന്ന സെൻട്രൽ സ്‌ക്വയർ കം ഹാപ്പിനസ് പാർക്ക്, നഗരസഭബസ് സ്റ്റാൻഡ് നവീകരണത്തിന്റെ പുതിയ ഘട്ടം, നഗര സൗന്ദര്യവൽക്കരണം രണ്ടാം ഘട്ടം തുടങ്ങി അതിഥി തൊഴിലാളികൾക്ക് ഡിജിറ്റൽ ലേബർ കാർഡ് നൽകുന്നത് ഉൾപ്പെടെ 99,72,38,142 രൂപയുടെ ബജറ്റാണ് ഭരണസമിതി മുന്നോട്ടുവച്ചത്.

* ഐ ടി പാർക്ക് & എഐ ടെക് ടവർ
നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ലോകം കീഴടക്കുന്ന കാലത്ത് അതിന്റെ സാധ്യതകളെ നഗരവികസനത്തിൽ പ്രയോജനപ്പെടുത്തുന്ന ദീർഘവീക്ഷണത്തോടെയുള്ള നഗരസഭാ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. ഐടി എഐ അധിഷ്ഠിത സംരംഭങ്ങളിൽ തൊഴില് തേടി വിദേശത്തേക്ക് പോകുന്ന ലക്ഷക്കണക്കിന് പ്രൊഫഷണലുകൾക്ക് ജന്മനാട്ടിൽ തന്നെ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ആദ്യ ചുവടുവെപ്പാണിത്. നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡിൽ എ ഐ ടെക് ടവർ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 25 ലക്ഷം രൂപ വകയിരുത്തി. കേന്ദ്രസർക്കാരിന്റെ സ്‌പെഷ്യൽ അസിസ്റ്റൻസ് സ്‌കീമിൽ ഉൾപ്പെടുത്തി പദ്ധതിക്ക് അനുമതി നേടുകയാണ് ലക്ഷ്യം.

* സെൻട്രൽ സ്‌ക്വയർ കം ഹാപ്പിനസ് പാർക്ക്
രാജ്യത്തിന്റെ പ്രഥമ സുപ്രീംകോടതി വനിത ജഡ്ജിയും പത്തനംതിട്ടയുടെ അഭിമാനവുമായ ജസ്റ്റിസ് ഫാത്തിമ ബീവിക്കും ജില്ലയുടെ പിതാവായ കെ കെ നായർക്കും സ്മാരകം ഉൾപ്പെടുത്തിയും സാമൂഹ്യ ജീവിതത്തിൽ പൊതു ഇടത്തിന്റെ പ്രസക്തി ഉൾക്കൊണ്ടുമാണ് സെൻട്രൽ സ്‌ക്വയർ കം ഹാപ്പിനസ് പാർക്ക് പ്രഖ്യാപിക്കുന്നത്. അബാൻ ജംഗ്ഷനിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലത്ത് ഒരുക്കുന്ന സെൻട്രൽ സ്‌ക്വയറിൽ രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് സംഘടനകളുടെയും പൊതുയോഗങ്ങൾക്കും മുതിർന്ന പൗരന്മാർക്കും പൊതുജനങ്ങൾക്കുമുള്ള ഇടവും ഉണ്ടാകും. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി ഈ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

* ശബരിമല ഇന്റർനാഷണൽ ട്രാൻസിറ്റ് ഹബ്ബ് ആൻഡ് ശ്രീ അയ്യപ്പ ഹൈടെക് കൺവെൻഷൻ സെന്റർ
ജില്ലയുടെ തീർഥാടന – ടൂറിസം മേഖലകളിലെ പ്രാധാന്യം കണക്കിലെടുത്ത് നഗര വികസനത്തിന്റെ ഭാഗമാക്കുന്ന പദ്ധതിയാണ് ഇത്. കേന്ദ്രസർക്കാർ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ അവതരിപ്പിക്കപ്പെടുന്ന പദ്ധതികളിൽ ഒന്നായി സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തിട്ടുള്ളതാണ് ട്രാൻസിറ്റ് ഹബ്ബ്. തീർഥാടന ലക്ഷങ്ങൾ സംഗമിക്കുന്ന നഗരത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ടൂറിസം രംഗത്തെ സാധ്യതകളും ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പത്തനംതിട്ടയുടെ തിലകക്കുറിയായി മാറുന്ന ശബരിമല ഇന്റർനാഷണൽ ട്രാൻസിറ്റ് ഹബ്ബ് ആൻഡ് ശ്രീ അയ്യപ്പ ഹൈടെക് കൺവെൻഷൻ സെന്റർ പദ്ധതിക്ക് 100 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം രംഗത്ത് നഗരത്തിന്റെ വലിയ ചുവടുവെപ്പായി മാറുന്ന ചുട്ടിപ്പാറ അഡ്വഞ്ചർ പാർക്ക് പദ്ധതിക്കായി രണ്ട് കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി.

* ദേശീയ അംഗീകാരം നേടിയ ശുചിത്വ മാലിന്യമുക്ത പദ്ധതികളുടെ തുടർച്ച
സമ്പൂർണ്ണ മാലിന്യമുക്ത നഗരം എന്ന ലക്ഷ്യത്തിലേക്ക് ഗതി വേഗം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്. ലോകബാങ്ക് വിഹിതമായ രണ്ടുകോടി രൂപയ്ക്ക് പുറമേ മാലിന്യസംസ്‌കരണത്തിന് സ്ഥലം വാങ്ങി സൗകര്യങ്ങൾ ഒരുക്കുന്നതിന് അഞ്ച് കോടി രൂപ കൂടി വകയിരുത്തി. നിലവിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന എം സി എഫ്, ആർആർഎഫ് ബയോഗ്യാസ് പ്ലാന്റുകൾ, റിംഗ്/ബിൻ കമ്പോസ്റ്റ് യൂണിറ്റുകൾ എന്നിവയ്‌ക്കൊപ്പം ആവശ്യമായ ഇലക്ട്രിക് വാഹനങ്ങളും സാങ്കേതിക ഉപകരണങ്ങളും വാങ്ങി നൽകി ഹരിത കർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള ഇടപെടലുകളും ഇതോടൊപ്പം ഭരണ സമിതി മുന്നോട്ടുവെക്കുന്നു.

* അമൃത് 2.0 കുടിവെള്ള പദ്ധതി
മലയോര പ്രദേശമായ നഗരസഭയിൽ ജനങ്ങൾ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് കുടിവെള്ള ദൗർലഭ്യം. ഇത് പരിഹരിക്കാൻ നിലവിൽ നടപടികൾ ആരംഭിച്ച 13 കോടി രൂപ ചെലവു വരുന്ന പത്ത് ദശലക്ഷം ലിറ്ററിന്റെ ശുദ്ധീകരണശാല, മൂന്നരക്കോടി രൂപ ചെലവഴിച്ചു നടത്തുന്ന കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കൽ പ്രവൃത്തികൾക്കായി കൂടുതൽ തുക വകയിരുത്തി. സുബല പാർക്ക് അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ചു പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും.

* നഗര സൗന്ദര്യവൽക്കരണം രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പത്ത് കോടി രൂപക്ക് പിഡബ്ല്യുഡി വകുപ്പുമായി ചേർന്ന് പദ്ധതി നടപ്പാക്കും.
* ഹാജി സി മീരാസാഹിബ് ബസ് സ്റ്റാൻഡ് നവീകരണത്തിനും മൂന്ന്, നാല് നിലകളുടെ നിർമ്മാണത്തിനുമായി 10 കോടി രൂപ വകയിരുത്തി.
* കുമ്പഴയിലെയും പത്തനംതിട്ടയിലെയും മത്സ്യ മാർക്കറ്റ് ആധുനികവൽക്കരണത്തിന് 50 ലക്ഷം രൂപ, അറവുശാല ആധുനികവൽക്കരണത്തിന് ഒരു കോടി രൂപ.
* പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തിനും അനുബന്ധ മേഖലയ്ക്കും രണ്ടുകോടി രൂപ.
* കായിക മേഖലയുടെ വികസനത്തിന് കളിസ്ഥലങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം, സ്‌കൂളുകളിൽ സ്‌പോർട്‌സ് കോച്ചിങ്ങുകൾ ക്ലബ്ബുകൾക്ക് സ്‌പോർട്‌സ് കിറ്റ് വിതരണം എന്നിവയ്ക്കായി 25 ലക്ഷം രൂപ വകയിരുത്തി.
* ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ഷെൽട്ടർ ഹോം, തൊഴിൽ പരിശീലനം തുടങ്ങിയവയ്ക്കായി 15 ലക്ഷം രൂപ, ദരിദ്രർക്കുള്ള മൈക്രോ പ്ലാൻ പദ്ധതിക്കായി 10 ലക്ഷം രൂപ തുടങ്ങിയവ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
* സ്‌കൂളുകളിൽ കമ്പ്യൂട്ടർ, ഫർണിച്ചർ, അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങൽ, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി ആധുനികവൽക്കരണം, മാലിന്യ സംസ്‌കരണം, എന്നിവ ഉൾപ്പെടെ ഒരു കോടി രൂപ വകയിരുത്തി.
* വനിതാ മൾട്ടി ജിം , അതിഥി തൊഴിലാളികൾക്ക് ഡിജിറ്റൽ ലേബർ കാർഡ്, മെഡിക്കൽ ക്യാമ്പ്, കൃഷി സ്ഥലങ്ങളിൽ സോളാർ ഫെൻസിംഗ്, കാർഷിക മേഖലയ്ക്ക് വിത്തും വളവും, വിവിധ റോഡുകൾ, പാലങ്ങൾ, നദീതീര സംരക്ഷണം, കോളനികളുടെ സമഗ്ര വികസനം, തൊഴിലധിഷ്ഠിത കോച്ചിംഗ് സെന്ററുകൾ, സ്വയം തൊഴിൽ പദ്ധതികൾ, തുടങ്ങി നഗരത്തിലെ ജനങ്ങളുടെ വികസനക്ഷേമ പ്രവർത്തനങ്ങൾക്കായി സമഗ്ര പദ്ധതിയാണ് പുതിയ ബജറ്റിൽ നഗരസഭ മുന്നോട്ടുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *