ആരോഗ്യ മേഖലയിൽ കൂടുതൽ ആധുനിക സൗകര്യങ്ങൾ സജ്ജമാക്കും: മന്ത്രി വീണാ ജോർജ്

Pathanamthitta
Print Friendly, PDF & Email

കുളനട – ആധുനിക കാലത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ആരോഗ്യ മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ സർക്കാർ സജ്ജമാക്കുന്നതെന്നു ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുളനട ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയിൽ പുതിയകാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നത് സർക്കാർ നയം. എല്ല മേഖലയിലും നാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി സർക്കാർ പ്രവർത്തിക്കുന്നത്. ആർദ്രം മിഷനിലൂടെ ആശുപത്രികൾ രോഗീസൗഹൃദമാക്കുന്നു. ജില്ലയിലെ വിവിധ ആശുപത്രികളിൽ കിഫ്ബി, നബാർഡ് ഫണ്ട് ഉപയോഗിച്ചുള്ള വികസനപ്രവർത്തനങ്ങൾ നടക്കുന്നു.കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 30 കോടി രൂപയുടെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 49 കോടി രൂപയുടെയും അടൂർ ജനറൽ ആശുപത്രിയിൽ15 കോടി രൂപയുടെയും റാന്നി ആശുപത്രിയിൽ 15 കോടി രൂപയുടെയും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു.

ആറന്മുളയിലെ ആരോഗ്യകേന്ദ്രങ്ങൾ, റോഡ്, സ്‌കൂൾ തുടങ്ങിയവയുടെ വികസനത്തിനു സർക്കാർ ഫണ്ടും എംഎൽഎ ആസ്തി വികസന ഫണ്ടും ലഭ്യമാക്കി. ബ്ലോക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (സിഎച്ച്‌സി) ആയി തിരഞ്ഞെടുത്ത വല്ലന സിഎച്ച്‌സി ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 2.5 കോടി രൂപയാണ് അനുവദിച്ചത്. കുളനടയിൽ വയറപ്പുഴ പാലം, മണ്ണാക്കടവ് പാലം നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
69 ലക്ഷം രൂപ ചെലവഴിച്ചാണ് കുളനട ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. വീണാ ജോർജ് എംഎൽഎ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപയും കുടുംബാരോഗ്യകേന്ദ്രമാക്കുന്നതിനു എൻഎച്ച്എമ്മിൽ നിന്നും 14 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 2600 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള കെട്ടിടത്തിന്റെ നിർമ്മാണം പൊതുമരാമത്ത് കെട്ടിടവിഭാഗവും എച്ച് എൽഎൽ ഏജൻസിയും വഴിയാണ് പൂർത്തീയായത്. കുടുംബാരോഗ്യകേന്ദ്രമായ പുതിയ കെട്ടിടത്തിൽ വെയ്റ്റിംഗ് ഏരിയ, ഒപി റൂം, രജിസ്‌ട്രേഷൻ കൗണ്ടർ, പ്രീ ചെക് റൂം, ഡ്രസിങ് റൂം, നിരീക്ഷണ മുറി, ഫാർമസി, ഫാർമസി സ്റ്റോർ, നഴ്‌സിംഗ് സ്റ്റേഷൻ, ഇൻജെക്ഷൻ റൂം, സെർവർ റും, ടോയ്‌ലറ്റ് എന്നിവയുണ്ട്. . കുടുംബാരോഗ്യകേന്ദ്രമായി മാറുന്നതോടെ ഒൻപത് മുതൽ വൈകീട്ട് ആറു വരെ ഒ പി പ്രവർത്തിക്കും. ജീവിതശൈലീരോഗ നിർണ്ണയ ക്ലിനിക് ശ്വാസ്, ആശ്വാസ് ക്ലിനിക്, വയോജനക്ലിനിക്, പാലിയേറ്റീവ് കെയർ ഒ. പി, ഗർഭിണികൾക്കുള്ള ക്ലിനിക്, പ്രതിരോധ കുത്തിവയ്പ്, എല്ലാ ദിവസവും ലാബിന്റെ സേവനം, മാസത്തിൽ രണ്ട്, നാല് ചൊവാഴ്ചകളിൽ കണ്ണിന്റെ ഒ. പി എന്നീ സേവനങ്ങൾ ലഭിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ അജയകുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. മോഹൻദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ മോനച്ചൻ, ബിജു പരമേശ്വരൻ, സാറാമ്മ കുഞ്ഞുകുഞ്ഞ്, ആർ. ബിന്ദു, സിബി നൈനാൻ മാത്യു, അഡ്വ. വി. ബി. സുജിത്, മിനി സാം,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. അംജിത്ത് രാജീവൻ, കുളനട എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജിനു ജി ജോസഫ്,രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *