പത്തനംതിട്ട – ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സഹകരണ ബാങ്കായ തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ലേലത്തിൽ പിടിച്ച എട്ട് സെന്റ് ഭൂമിമൂലം, നരക ജീവിതമാണ് ടി.കെ.രാധാമണിയെന്ന അറുപത്തിയേഴുകാരിക്ക് സമ്മാനമായി കിട്ടിയത്. ആകെ ഉണ്ടായിരുന്ന സ്വന്തം സമ്പാദ്യമായ 12 ലക്ഷത്തോളം നൽകി ലേലത്തിൽ പിടിച്ച ഭൂമി, ഒന്നു സ്വന്തം പേരിലാക്കി കിട്ടാനായി മാസങ്ങളായി ബാങ്കിന്റെ ഓഫീസിലും കോടതിയിലും കയറി ഇറങ്ങുകയാണ് ഇപ്പോൾ ഈ വയോധിക. ഭൂമി എന്തുകൊണ്ട് ലഭ്യമാക്കുന്നില്ലെന്നോ, എപ്പോൾ ലഭ്യമാക്കുമെന്നോ, ബാങ്ക് അധികൃതർ മിണ്ടുന്നേയില്ല. ഫോൺ വിളിച്ചാൽ പോലും പ്രതികരിക്കാത്ത അവസ്ഥ. അന്ന് ലേലഭൂമി ഉണ്ടന്ന് ബാങ്ക് അധികൃതർ വീട്ടിലെത്തി ആവശ്യപ്പെട്ടതിനാലാണ് രാധാമണി ലേലത്തിൽ പങ്കെടുത്തത്. എന്നാൽ കോടതി മുഖാന്തരം അയച്ച നോട്ടീസിന് പോലും ബാങ്ക് മറുപടി നൽകാത്ത സ്ഥിതിയാണ് നിലവിൽ.

വിജയൻ എന്നയാൾ ബാങ്കിൽ നിന്ന് ഭൂമി പണയം വെച്ച് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തിനെ തുടർന്നാണ് ഭൂമി ലേലം ചെയ്യാൻ ബാങ്ക് തീരുമാനിച്ചത്. ദേശാഭിമാനി ദിനപത്രത്തിൽ പരസ്യം നൽകിയെങ്കിലും ആരും ലേലത്തിൽ പങ്കെടുത്തില്ല. തുടർന്നാണ് തൻ്റെ അക്കൗണ്ടിൽ പണമുണ്ടെന്ന് മനസിലാക്കിയ ബാങ്ക് അധികൃതർ സമീപിച്ചതെന്ന് രാധാമണി പറയുന്നു. 11,48,550 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. നിയമപ്രകാരം ലേലത്തുകയുടെ 15 ശതമാനമായ 1,72,284 രൂ അന്ന് തന്നെ ബാങ്കിൽ അടയ്ക്കുകയും ബാക്കി തുക അക്കൗണ്ടിൽ നിന്ന് ബാങ്കിന് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിൽ 25നാണ് ലേല നടപടികൾ നടന്നത്. മുഴുവൻ തുകയും നൽകിയ അന്ന് മുതൽ., ഈ ഭൂമി തന്റെ പേരിൽ കിട്ടുന്നതിനായി ബാങ്കിൽ കയറിയിറങ്ങുകയാണ് വയോധികയായ രാധാമണിയും കുടുംബവും.
രാധാമണിയുടെ ഭർത്താവ് കഴിഞ്ഞ വർഷം ജൂലൈ 23 അസുഖ ബാധിതനായി മരിക്കുകയും ചെയ്തു. ഭാർത്താവിന്റെ ചികിത്സയ്ക്കും മറ്റുമായി വാങ്ങിയ കടം പോലും തീർക്കാൻ വഴിയില്ലാതെ നട്ടംതിരിയുകയാണ് ഈ വിധവയായ വീട്ടമ്മ. നട്ടെല്ലിന് തേയ്മാനം മൂലം നടക്കാൻ പോലും ബുദ്ധിമുട്ടുന്ന ഈ വയോധിക ഭൂമിക്കായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. ബാങ്കിൽ ദിവസങ്ങളോളം നടന്നിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തിനാൽ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് അടക്കം പരാതി നൽകി. എന്നിട്ടും നടപടി ഉണ്ടാകാത്തതിനാൽ കോടതി വഴി നോട്ടീസ് അയച്ചു. ഇതെല്ലാം ബാങ്ക് അവഗണിക്കുകയാണ് ചെയ്യുന്നത്.

രാധാമണി ലേലത്തിൽപിടിച്ച ഭൂമിയുടെ ആദ്യ ഉടമ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവാണ്. അയാൾക്ക് വേണ്ടിയാണ് ബാങ്ക് ഒത്തുകളിക്കുന്നത് എന്നാണു ആരോപണം. ലേലത്തിൻ്റെ പേരിൽ തന്നെ കബളിപ്പിക്കുകയായിരുന്നു എന്ന ഗുരുതര ആരോപണമാണ് രാധാമണി ഉന്നയിക്കുന്നത്. ലേലത്തിൽവച്ച ഭൂമിയുടെ ഒരുഭാഗം മാത്രമാണ് തൻ്റെ പേരിലായത്. ബാക്കിയുള്ള ഭൂമിയിൽ ഒരു വീട് അടക്കമുണ്ട്. എന്നാൽ ആദ്യ ഉടമ അവിടേക്ക് മാറാൻ തയാറല്ല, മാറ്റാൻ ബാങ്കും; രാധാമണി പറയുന്നു. നേരത്തെ ഭൂമി അളന്ന് തിരിച്ചു കല്ലിട്ടിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നും അവിടെ കാണാനില്ല. എല്ലാം എടുത്തുമാറ്റിയ സ്ഥിയിലാണ്. ഇത്രയും വലിയ ചതിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രാധാമണി മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് കാര്യങ്ങൾ അന്വേഷിക്കാൻ തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഡോ.ജേക്കബ് ജോർജിനെ പലവട്ടം ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ പോലും എടുത്തിട്ടില്ല. കോൺഗ്രസ് നിയന്ത്രണത്തിലായിരുന്ന ബാങ്ക് 2021ലാണ് സിപിഎം പിടിച്ചെടുത്തത്.


