സന്നിധാനം ഭക്തിസാന്ദ്രമാക്കി ഗാനസ്മൃതി ഭജൻ സംഘം അവതരിപ്പിച്ച ഭജൻ. ചൊവ്വാഴ്ച വൈകിട്ട് സന്നിധാനം വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ഭജൻ അയ്യപ്പ ദർശനം തേടിയെത്തിയ ഭക്തരെ ആനന്ദ നിർവൃതിയിലെത്തിച്ചു.
തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്നുള്ള ശിവ കുമാർ, ശിവരാജൻ, അരവിന്ദ്, ശിവകാമസുന്ദരി എന്നിവരുടെ നേതൃത്വത്തിലാണ് സംഘം ഭക്തിഗാനങ്ങളും കീർത്തനങ്ങളും കോർത്തിണക്കി സംഗീതവിരുന്ന് ഒരുക്കിയത്. മല ചവിട്ടി അയ്യപ്പ ദർശനം പൂർത്തിയാക്കിയ ശേഷമാണ് ഇവർ വൈകിട്ട് ആറോടെ ഭജൻ അവതരിപ്പിച്ചത്.
തുടർച്ചയായ രണ്ടാം വർഷമാണ് ഇവർ ശബരിമല സന്നിധാനത്ത് എത്തി ഭജൻ അവതരിപ്പിക്കുന്നത്. അയ്യപ്പ സന്നിധിയിൽ ഇത്തരത്തിൽ പരിപാടി അവതരിപ്പിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും വരുന്ന മണ്ഡലകാലങ്ങളിലും സന്നിധാനത്തെത്തി സംഗീതാർച്ചന അർപ്പിക്കണമെന്നുമാണ് ആഗ്രഹമെന്നും സംഘത്തിലെ ഗായകൻ ശിവ കുമാർ പറഞ്ഞു.


