അടൂർ – എന്റെ നാട് തകർന്നു കൂടാ, കേരളം തകർന്നു കൂടാ എന്ന ബോധത്തിന്റെ ഭാഗമായി ഒഴുകിയെത്തുന്നവരാണ് നവകേരള സദസ്സിലെത്തുന്ന പതിനായിരങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട ജില്ലയിലെ അവസാന നവകേരള സദസ്സായ അടൂർ നിയോജകമണ്ഡലത്തിലെ സദസിനെ അടൂർ വൈദ്യൻസ് ഗ്രൗണ്ടിൽ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആരും നിർബന്ധിച്ചല്ല ആളുകൾ നവകേരള സദസിനെത്തുന്നത്. എന്റെ നാടിന്റെ ഭാവി, എന്റെ കുഞ്ഞുങ്ങളുടെ ഭാവി എന്ന ബോധ്യത്തോടെയെത്തുന്നതാണവർ. എല്ലാ കൂട്ടായ്മകളെയും കവച്ചുവയ്ക്കുന്ന ജനക്കൂട്ടമാണ് എല്ലാ സദസ്സിലും എത്തുന്നത്.

സാമാന്യം വലിയ ഗ്രൗണ്ടുകളിലാണ് നവകേരള സദസ് നടക്കുന്നത്. എന്നാൽ ഗ്രൗണ്ടുകൾക്ക് ഉൾക്കൊള്ളാനാവുന്നതിന്റെ ഇരട്ടിയിലേറെയാണ് ഓരോ സദസ്സിലും ഒഴുകിയെത്തുന്നത്. കനത്ത മഴയുണ്ടായിട്ടും അടൂരിലും സ്ഥിതി വ്യത്യസ്തമായില്ല – മുഖ്യമന്ത്രി പറഞ്ഞു.
അതിക്രൂരമായ മനോഭാവത്തോടെയാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തോടു പെരുമാറുന്നത്. സംസ്ഥാനമെന്ന നിലയിൽ നല്ല പ്രകടനമാണ് നമ്മൾ കാഴ്ച്ചവയ്ക്കുന്നത്. സംസ്ഥാനത്തിന്റെ പ്രകടനം വച്ചു നോക്കിയാൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടതല്ല. എന്നാൽ നമ്മളെ ഒരു തരത്തിലും മുന്നോട്ടു പോകാൻ അനുവദിക്കില്ല എന്ന വാശിയോടെയാണ് കേന്ദ്ര സർക്കാർ പെരുമാറുന്നത്.
1,07,500 കോടി രൂപയുടെ കുറവാണ് കഴിഞ്ഞ ഏഴു വർഷത്തിനിടെ കേരളത്തിനുണ്ടായത്. ഈ നിലയിൽ എങ്ങനെ മുന്നോട്ടു പോകാനാണ്. ഈ ഘട്ടത്തിൽ തർക്കിച്ചു നിൽക്കാനല്ല ഒന്നിച്ചു നിൽക്കാനാണ് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടത്. എന്നാൽ അവർ ബഹിഷ്‌കരിക്കുകയാണുണ്ടായത്. 2024 ലോ 2026 ലോ ഉള്ള ഒരു പ്രശ്‌നമല്ല. ദീർഘകാലത്തിൽ നമ്മുടെ നാട് തകർന്നു പോകുന്ന പ്രശ്‌നമാണ് നമ്മുടെ മുന്നിൽ. ഇതു തിരിച്ചറിഞ്ഞുള്ള ജനക്കൂട്ടമാണ് നവകേരള സദസ്സിലെത്തുന്നതും മന്ത്രിമാർ പോകുന്ന വഴിക്കു കാത്തു നിൽക്കുന്നതുമായ ആയിരങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ പൊന്നാടയും ഉപഹാരവും നൽകി മുഖ്യമന്ത്രി ആദരിച്ചു. അടൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന കാർഷിക പദ്ധതി ‘നിറ പൊലിവ് വിഷൻ 2025’ ന്റെ ലോഗോ കൃഷി മന്ത്രി പി. പ്രസാദിനു നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ഡപ്യൂട്ടി സ്പീക്കറും അടൂർ നിയമസഭാ നിയോജക മണ്ഡലം എംഎൽഎയുമായ ചിറ്റയം ഗോപകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു , എം.ബി. രാജേഷ്, കെ.രാജൻ, എന്നിവർ പ്രസംഗിച്ചു. അടൂർ ആർഡിഒ എ. തുളസീധരൻ പിള്ള സ്വാഗതം പറഞ്ഞു.
നിർത്താതെ പെയ്യ മഴയെയും അവഗണിച്ച് ആയിരങ്ങളാണ് അടൂർ വൈദ്യൻസ് ഗ്രൗണ്ടിൽ ഒഴുകിയെത്തിയത്.
പൊതു ജനങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിക്കാൻ 25 കൗണ്ടറുകളും ഒരുക്കിയിരുന്നു. സദസിനു മുന്നോടിയായി ശാസ്താംകോട്ട പാട്ടു പുര അവതരിപ്പിച്ച നാടൻ പാട്ട്, ഏഴംകുളം തേപ്പു പാറ ജീവകാരുണ്യ ഭവൻ അവതരിപ്പിച്ച നൃത്തം, അപർണ ഇൻസ്റ്റിറ്റിയൂട് ഓഫ് ആർട്‌സ് അവതരിപ്പിച്ച മോഹിനിയാട്ടം, കൃഷ്ണപ്രിയയും സംഘവും അവതരിപ്പിച്ച തിരുവാതിര, കേരള നടനം എന്നിവ അരങ്ങേറി.



