തിരുവല്ല – നിയോജകമണ്ഡലത്തിലെ എസ് സി എസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലയിലെ ആദ്യ നവകേരളസദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നവംബറോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരും. കൃത്യമായ പദ്ധതികളിലൂടെ വലിയ രീതിയിലുള്ള ശ്രമങ്ങളാണ് അതിനായി നടത്തിവരുന്നത്.
കേരളത്തിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് അവർക്ക് മികച്ച ജീവിതം ഉറപ്പാക്കുകയാണ് സംസ്ഥാനസർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് എത്താൻ സ്റ്റാർട്ട്അപ്പ് മിഷനിലൂടെ സർക്കാർ വലിയ പരിശ്രമം നടത്തുന്നു. കുട്ടികളുടെ ആശയങ്ങൾ ഉത്പ്പന്നങ്ങളാക്കി മാറ്റി ആധുനികലോകമാക്കി നാടിനെ ഉയർത്തും. ഐടി മേഖലയിലെ ചെറുപ്പക്കാർക്കും, ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥർക്കുമെല്ലാം സ്റ്റാർട്ട് അപ്പ് മിഷന്റെ സഹായത്തോടെ ജോലി സാധ്യതകൾ ഉറപ്പാക്കുമെന്നും ലോകോത്തരസ്ഥാപനങ്ങൾ ആരംഭിച്ച് ജോലിസാധ്യതകൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവല്ല ബൈപാസും, മലയോരഹൈവേയും വലിയ മാറ്റമാണ് പത്തനംതിട്ടയിൽ സൃഷ്ടിച്ചത്. യാത്രാസൗകര്യങ്ങളുടെ വികസനം നാടിന്റെ മുഖച്ഛായ മാറ്റുകയും വാണിജ്യസാധ്യത വർധിപ്പിക്കുകയും ചെയ്യും. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ആറ് വരി പാതയും , ശബരിമല എയർപോർട്ടും ത്വരിതഗതിയിൽ പൂർത്തിയാക്കും. യാത്രാസൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ കപ്പൽ എത്താനുള്ള സൗകര്യമാണ് വിഴിഞ്ഞം തീരത്ത് ഒരുക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം ആരംഭിച്ചതും ആദ്യ കപ്പൽ തീരമണഞ്ഞതും പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ്.
ഈ സർക്കാരിന് ജനങ്ങളിലും ജനങ്ങൾക്ക് സർക്കാരിലുമുള്ള വിശ്വാസമാണ് നവകേരളസദസ്സ് എന്ന ആശയത്തിലേക്ക് എത്താനുള്ള ആത്മവിശ്വാസമായത്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അടിത്തറയായ പൊതുജനങ്ങൾക്ക് മുന്നിലേക്ക് വരാനും അഭിസംബോധന ചെയ്യാനും ഈ സർക്കാരിന് മടിയില്ല. കേരളം ഇന്ന് ചെയ്യുന്നത് നാളെ ലോകം ചിന്തിക്കുമെന്ന ചൊല്ല് അക്ഷരാർഥത്തിൽ ശരിയാകുകയാണ്. മറ്റൊരു നാടിനും മന്ത്രിസഭ ജനങ്ങളിലേക്കെത്തിയ ചരിത്രമില്ല.
എല്ലാ നേട്ടങ്ങളുമുണ്ടായത് ജനാധിപത്യത്തോടെയാണ്. ആ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തിയെ ഒറ്റക്കെട്ടായി നേരിടാൻ സാധിക്കണമെന്നും ആളുകളെ സംരക്ഷിക്കുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


