രാഷ്ട്രീയ നിരീക്ഷകരെപ്പോലും അമ്പരപ്പിച്ചു ബിജെപിയുടെ മുഖ്യമന്ത്രി പ്രഖ്യാപനങ്ങൾ ;

India Politics
Print Friendly, PDF & Email

ന്യൂഡൽഹി – ഛത്തീസ്‌ഗഢിൽ വനവാസി നേതാവിനെ മുഖ്യമന്ത്രിയാക്കിയതിനു പിന്നാലെ മദ്ധ്യപ്രദേശിലും പുതിയ മുഖമായി യാദവ നേതാവിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത് ബിജെപി രാഷ്ട്രീയ നിരീക്ഷകരെപ്പോലും അമ്പരപ്പിച്ചു. മുൻ മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാനെ തഴഞ്ഞാണ് ഉജ്ജെയിൻ എംഎൽഎയായ മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്. ആർഎസ്എസ് നോമിനിയായാണ് മോഹൻ യാദവ് മുഖ്യമന്ത്രി പദത്തിലെത്തുന്നത് എന്നാണു വിവരം. മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാണ് തന്നെയാണ് പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ മോഹൻ യാദവിന്റെ പേര് നിർദ്ദേശിച്ചത്.

ഉത്തരേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ അധികാരം പിടിച്ച ബിജെപി മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുന്നതിൽ വരുത്തിയ കാലതാമസം നിരവധി അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഛത്തീസ്‌ഗഢിൽ ഞായറാഴ്ചയും മദ്ധ്യപ്രദേശിൽ തിങ്കളാഴ്ചയും നിയമസഭാകക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുകയുണ്ടായി. നാളെ രാജസ്ഥാനിൽ യോഗം ചേരുമെന്നും അറിയിച്ചിട്ടുണ്ട്. വസുന്ധര രാജയുടെ നീക്കങ്ങൾ പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട് എന്നാണറിയുന്നത്. അവിടെയും അപ്രതീക്ഷിത നേതാവിനെയാകും തിരഞ്ഞെടുക്കുക. മാധവറാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ മാധവറാവു സിന്ധ്യക്കും സാദ്ധ്യത കല്പിക്കുന്നുണ്ട് നിരീക്ഷകർ.

രമൺ സിങ്, അരുൺ സാവ്, ഒ.പി. ചൗധരി, രേണുക സിങ് തുടങ്ങിയ നേതാക്കളുടെ പേരുകളായിരുന്നു ഛത്തീസ്‌ഗഢിൽ ഉയർന്നുകേട്ടത്. എന്നാൽ പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ വിഷ്ണുദേവിനാണ് നറുക്ക് വീണത്. മദ്ധ്യപ്രദേശിൽ ഇത്തവണ അമ്പരപ്പിക്കുന്ന വിജയം നേടിയതിന് പിന്നിൽ ശിവരാജ് സിങ്ചൗഹാനാണെന്ന പൊതു വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ഒരിക്കൽ കൂടി അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കേന്ദ്രമന്ത്രിപദം രാജിവെച്ച നരേന്ദ്ര സിങ് തോമർ, ബിജെപി. ദേശീയ ജനറൽ സെക്രട്ടറി വിജയ് വാർഗിയ തുടങ്ങിയവരും രംഗത്തുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രിപദം സംബന്ധിച്ച് ഒരുചർച്ചയിലും കടന്നുവരാത്ത പേരുകളായിരുന്നു രണ്ടു സംസ്ഥാനത്തും മുഖ്യമന്ത്രി പദത്തിലേക്കെത്തുന്ന നേതാളുടേത്.

‘എന്നെ പോലുള്ള ഒരു എളിയ പ്രവർത്തകന് ഇത്തരത്തിലുള്ള വലിയ ഉത്തരവാദിത്തം നൽകാൻ ബിജെപിക്ക് മാത്രമേ കഴിയൂ. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി.നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, വി.ഡി.ശർമ തുടങ്ങിയ നേതാക്കൾ ഞാൻ നന്ദി പറയുന്നു മദ്ധ്യപ്രദേശിലെ ‘മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോഹൻ യാദവ് പ്രതികരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *