കുറത്തിക്കോലം ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ ഡിസം 19 ന്

പടേനിക്ക് എത്ര പഴക്കമുണ്ട്. ഗോത്രകാലത്തോളം എന്നു തുടങ്ങി വലിയ പഴക്കമില്ല എന്നു വരെ വിവിധ അഭിപ്രായങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഒന്നിനും കൃത്യമായ തെളിവൊന്നുമില്ല. എന്നാൽ എഴുനൂറു വർഷങ്ങൾക്കു മുമ്പേ ഇന്നു പടേനിയിൽ കാണുന്ന പല അനുഷ്ഠാന കലകളും ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് തിരുനിഴൽമാല എന്ന പ്രാചീന കാവ്യം. എ.ഡി. പതിമൂന്നാം നൂറ്റാണ്ടിലാണ് തിരുനിഴൽമാല രചിച്ചതെന്ന കാര്യം നിശ്ചയമാണ്. ഈ കാവ്യത്തിൽ കളമെഴുത്തു തൊട്ട് പാന വരെ വിവിധ അനുഷ്ഠാനകലകളെക്കുറിച്ച് വിവരണങ്ങളുണ്ട് .
തിരുവാറന്മുള ക്ഷേത്രത്തിൽ മലയർ ആണ് ഈ അനുഷ്ഠാനങ്ങൾ നടത്തുന്നത്. ഈ കൂട്ടത്തിലാണ് കുറത്തി തെയ് വത്തിന്റെ ആട്ടം വിവരിക്കുന്നത്.
കുറത്തി തെയ്യം മലയർ ഇന്നും കെട്ടിയാടുന്നുണ്ട്. എന്നാൽ തിരുനിഴൽമാലയിലെ വിവരണങ്ങളിൽ നിന്ന് ചില വ്യത്യാസങ്ങളുണ്ട് ആ തെയ്യത്തിന് . സൂക്ഷ്മമായി വായിച്ചപ്പോഴാണ് ഇത് നമ്മുടെ പടേനിക്കോലങ്ങളുടെ പാട്ടിനു സമാനമാണെന്ന് മനസ്സിലാകുന്നത്. നമ്മുടെ അനുഷ്ഠാന കലകളുടെയെല്ലാം വേരുകൾ ഒരിടത്തു നിന്നാണെന്നും കാലാന്തരത്തിൽ വന്ന മാറ്റങ്ങളാണ് ഇവയെ വിഭിന്നമാക്കിയതെന്നും ഈ കലകളുടെ മർമ്മമറിയാവുന്ന ഏതാനും പ്രയോക്താക്കൾക്ക് മനസ്സിലായി. ഒന്നായിക്കിടന്ന കേരളം പലതായി പല കാരണങ്ങളാൽ ഭിന്നിച്ചതോടെ കലകളും പലതായി. സമാനതകൾ കാണാതെ ഭിന്നതകളിൽ മാത്രം ശ്രദ്ധിക്കുന്നവരായി ഏവരും.
ഫോക് ലോർ അക്കാദമിയുടെ അവർഡുകളും മറ്റും കരസ്ഥമാക്കിയിട്ടുള്ള ഓംജി എന്നു വിളിപ്പേരുള്ള കവിയൂർ ഓമനക്കുട്ടൻ പതിറ്റാണ്ടുകളായി പടേനിയുടെ ഉപാസകനാണ്. വിവിധ പടേനിക്കരകളിൽ ആശാൻമാരോടൊപ്പം സഞ്ചരിച്ച് കൗമാര കാലം മുതലേ ഓംജി പടേനിയെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പിന്നീട് പിന്നീട് ഈ അനുഷ്ഠാനത്തെ കുറിച്ച് കൂടുതലായി പഠിക്കാനും ശ്രമിച്ചു പോന്നു.

കുറത്തി തെയ് വം കോലമായി ഓംജി ചിട്ടപ്പെടുത്തുന്നത് ഈ ആനുഭവിക ബൗദ്ധിക പാരമ്പര്യത്തിൽ നിന്നു കൊണ്ടാണ്. വിവിധ കരകളിലെ പടേനി ആശാൻമാരും കലാകാരൻമാരും കലാസ്വാദകരുമായി ചർച്ചകൾ നടന്നിട്ടുണ്ട്.
കവിയൂർ പടേനി സംഘത്തിന്റെ ഭാഗമാണ് ഓംജി. കവിയൂർ പടേനി സംഘം തങ്ങളുടെ കരയിൽ വേലകളി പുനർജ്ജീവിപ്പിക്കുക വഴി വലിയ ശ്രദ്ധ നേടിയ സമയമാണിത്.
ശൂർപ്പണഖ , അന്തര യക്ഷിയുടെ ചില ചുവടുകൾ , അരക്കിയുടെ വിട്ടു പോയ ഭാഗം ഇവയൊക്കെ ചിട്ടപ്പെടുത്തുന്നതിൽ പങ്കു വഹിച്ച കവിയൂർ ഓമനക്കുട്ടൻ പടേനി എന്ന കലാരൂപത്തെ അടുത്ത കാലത്ത് ആന്തരികമായി ചലനാത്മകമാക്കുകയുണ്ടായി. കുറത്തിക്കോലം ഡിസം 19 ന് വൈകിട്ട് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ അരങ്ങേറുന്നതോടെ കവിയൂർ ശ്രീ ഭദ്ര പടേനി സംഘം കേരളീയ കലാചരിത്രത്തിൽ മായാത്ത അടയാളങ്ങൾ പതിപ്പിക്കും. അമ്മാനപ്പാട്ടുകളും ആട്ടക്കഥകളും എഴുതിയ മൂലൂർ എന്ന പോരാട്ട കവി കഴിഞ്ഞ നൂറ്റാണ്ടാരംഭത്തിൽ കലയെ പരിപോഷിപ്പിച്ച കവി കൂടിയാണ്.
ഇത് അമ്മയുടെ നിയോഗമാണ്. തൃക്കവിയൂരപ്പനും തിരുവാറന്മുളയപ്പനും കല്പിച്ചു തരുന്ന നിയോഗം, അനുഗ്രഹം.

@ രാജേഷ്കുമാർ , ഗവ. ആർട്ട്സ് ആൻഡ് സയൻസ് കോളേജ് അദ്ധ്യാപകൻ, എഴുത്തുകാരൻ


