ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മേൽക്കൂര തകർന്നു : ആളപായമില്ല

Kerala Pathanamthitta
Print Friendly, PDF & Email

റാന്നി – പഴവങ്ങാടി കരികുളം മുണ്ടിയാൻ തറയിൽ വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. വീടിന്റെ മേൽക്കൂര അടക്കം ഒരു ഭാഗം തകർന്നു. വീട്ടിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തുണ്ടിയിൽ ജിജി തോമസിന്റെ വീട്ടിലായിരുന്നു അപകടം നടന്നത്. ഇന്നലെ പുലർച്ചെ മൂന്നു മണിയോടു കൂടിയാണ് അപകടം നടന്നത്. അടുക്കളയിൽ വച്ചിരുന്ന ഫ്രിഡ്ജിൽ ഉണ്ടായ ഷോട്ട് സർക്യൂട്ടാകാം പൊട്ടിത്തെറിക്ക് കാരണമായതെന്ന് കരുതുന്നു.

അടുക്കളയിൽ ഉണ്ടായിരുന്ന മുഴുവൻ ഉപകരണങ്ങളും കത്തി നശിച്ചു. അടുക്കളയുടെ മുകളിൽ പാകിയിരുന്ന ആസ്ബസ്‌റ്റോസ് ഷീറ്റുകൾ പൊട്ടിത്തെറിയുടെ ആഘാതത്തിൽ തകർന്നു വീണു. സമീപത്തെ മുറിയിൽ കിടന്നുറങ്ങിയിരുന്ന വീട്ടുകാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും അടുക്കളയിലുള്ള ഉപകരണങ്ങൾ എല്ലാം കത്തി നശിച്ചു. ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും കൂടി വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം വെള്ളം കോരി ഒഴിച്ച് തീ കെടുത്തുകയായിരുന്നു. തുടർന്ന് അടുക്കളയിൽ ഉണ്ടായിരുന്ന ഗ്യാസ് കുറ്റി പുറത്തേക്ക് വലിച്ചെറിഞ്ഞു കളഞ്ഞു.

വീട്ടുകാരുടെയും ഓടിക്കൂടിയവരുടെയും സമയോചിതമായ ഇടപെടൽ മൂലം മറ്റൊരു അപകടം കൂടി ഒഴിവായി. പൊട്ടിത്തെറിയിൽ വീടിന് മൂന്നു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നുവെന്ന് വിട്ടുകാർ പറയുന്നു. അടുക്കളയും മിക്‌സി അടക്കമുള്ള ഉപകരണങ്ങളും വയറിങും കത്തി നശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, റെജി കൊല്ലിരിക്കൽ, ടിറ്റി കാക്കാനപ്പള്ളി എന്നിവർ സ്ഥലം സന്ദർശിച്ചു. അഗ്‌നിശമന സേനയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പരിശോധന നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *