സന്നിധാനം – ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് അയ്യപ്പന്മാര്ക്ക് പ്രഭാത ഭക്ഷണം വിളമ്പി നിര്‍വഹിച്ചു. മൂന്നു നേരവും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും. രാവിലെ ആറര മുതല്‍ 11 വരെ ഉപ്പുമാവും, കിഴങ്ങുകറിയും, ചായയും. 12 മുതല്‍ ഉച്ചകഴിഞ്ഞ് നാലുവരെ പുലാവും സാലഡും അച്ചാറും ഉള്‍പ്പെടുന്ന ഉച്ചഭക്ഷണവും, വൈകുന്നേരം ആറര മുതല്‍ കഞ്ഞിയും ലഭിക്കും. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം നല്കാന് കഴിയുന്നതാണ് ദേവസ്വം ബോര്‍ഡ് അന്നദാന മണ്ഡപം.
ദേവസ്വം ബോര്‍ഡു പ്രസിഡന്റും,എം എല്‍ എ മാരും അന്നദാനം വിതരണം ചെയ്തു.


ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ദേവസ്വം സ്പെഷ്യല്‍ സെക്രട്ടറി എം ജി രാജമാണിക്യം, അംഗങ്ങളായ അഡ്വ.എ അജികുമാര്‍, സുന്ദരേശന്, ശബരിമല എഡിഎം സൂരജ് ഷാജി ഐ എ എസ്, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


