ലോട്ടറി കച്ചവടക്കാരൻ ഗോപി സ്വയം തീകൊളുത്തി ജീവനൊടുക്കാൻ തീരുമാനിച്ചതിന്റെ പിന്നിലെന്ത് ?

Kerala Lifestyle Pathanamthitta
Print Friendly, PDF & Email

ഓമല്ലൂർ – സ്വന്തം ജീവിത ദുരിതങ്ങളില്‍ മനം നൊന്താണ് ലോട്ടറി കച്ചവടം നടത്തി ഉപജീവനം കഴിച്ചിരുന്ന ഓമല്ലൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പള്ളം ബിജുഭവനില്‍ ഗോപി (70) സ്വയം തീ കൊളുത്തി ജീവനൊടുക്കാൻ തീരുമാനിച്ചത്. കേരളം സർക്കാരിന്റെ ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീട് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതും, കാല്‍ മുറിച്ചു മാറ്റപ്പെട്ട ഭാര്യ ലീല അർദ്ധ ബോധാവസ്ഥയില്‍ കഴിഞ്ഞു വരുന്നതും ഒക്കെയായ ജീവിത ദുരിതങ്ങളില്‍ വലഞ്ഞ ഗോപിയെ സ്വയം ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നു വേണം കരുതാന്‍. ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ മനോവിഷമം ഉണ്ടായിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ടായിരുന്നു .

ഇന്നലെ രാവിലെ എട്ടു മണിയോടെ സന്തോഷ്മുക്ക് – മുട്ടുകുടുക്ക റോഡില്‍ പള്ളം ഭാഗത്തെ സ്വന്തം വീടിന് മുന്നിലുള്ള റോഡില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാവിലെ മുതല്‍ ഗോപിയെ കാണാതെ വന്നപ്പോള്‍ അന്വേഷിച്ചിറങ്ങിയ ബന്ധുവാണ് കത്തിക്കരിഞ്ഞ ശരീരം കണ്ടത്. വാര്‍ഡ് മെമ്പര്‍ സ്മിത സുരേഷ് അറിയിച്ചത് അനുസരിച്ച് പോലീസ് സ്ഥലത്ത് വന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്തു നിന്ന് മണ്ണെണ്ണ, കന്നാസ്, തീപ്പെട്ടി, ടോര്‍ച്ച് എന്നിവ കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നത്. ഇതില്‍ നിന്നാണ് മരിച്ചത് ഗോപിയാണെന്ന് ഉറപ്പിച്ചത്.

ചെറിയ വീട്ടില്‍ താമസിച്ചിരുന്ന ഗോപിക്കും കുടുംബത്തിനും അടച്ചുറപ്പുളള വീടെന്നത് സ്വപ്നമായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഓമല്ലൂര്‍ പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇദ്ദേഹത്തിന് വീട് അനുവദിച്ചിരുന്നു. ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും മേല്‍ക്കൂര വാര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. പണി പൂര്‍ത്തിയാക്കി കഴിഞ്ഞ ഓണം വീട്ടില്‍ ആഘോഷിക്കണം എന്നായിരുന്നു ആഗ്രഹം. പദ്ധതി തുക കൊണ്ട് വീട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെയുണ്ടായ നിര്‍മാണ സാമഗ്രികളുടെ വില വർദ്ധനവും തിരിച്ചടിയായി. പലരോടും പണം കടം വാങ്ങിയാണ് ഭിത്തി നിര്‍മാണം നടത്തിയത്. ഇതിനിടെ രോഗബാധിതയായ ലീലയുടെ കാല്‍ മുറിച്ചു മാറ്റി. അവര്‍ അർദ്ധബോധാവസ്ഥയിലാണ് ഇപ്പോള്‍ അവർ കഴിയുന്നത്.

ഗോപിയുടെയും വൃക്കകളിലൊന്ന് രോഗം ബാധിച്ച് നീക്കം ചെയ്തിരുന്നു. ശേഷിച്ചതും ഇപ്പോൾ രോഗാവസ്ഥയിലാണ്. പണമില്ലാത്തതിനാല്‍ തുടര്‍ ചികില്‍സ മുടങ്ങി. ചോര്‍ന്നൊലിക്കുന്ന ചെറിയ ചായ്പില്‍ സൗകര്യം ഇല്ലാത്തതിനാല്‍ വാടകയ്ക്ക് താമസിക്കുന്ന മക്കളുടെ സംരക്ഷണയിലാണ് ലീല കഴിഞ്ഞിരുന്നത്. മകളുടെ വീട്ടില്‍ രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് ഗോപി ജീവനൊടുക്കിയത്. പുന്നലകത്ത് പടിയിൽ മാടക്കടയിൽ നടത്തുന്ന ലോട്ടറി വില്‍പ്പനയായിരുന്നു ഏക വരുമാനം. ലോട്ടറി റിസള്‍ട്ട് ഷീറ്റ് ഫോട്ടോ കോപ്പി എടുത്തതിന്റെ മറുവശത്താണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരുന്നത്.

ഓമല്ലൂര്‍ പഞ്ചായത്തില്‍ നിന്നും ലൈഫ് പദ്ധതി പ്രകാരം ഗോപിക്ക് വീട് അനുവദിച്ചിരുന്നുവെന്ന് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു. ആദ്യ ഗഡുവായ രണ്ടു ലക്ഷവും പിന്നീട് 80,000 രൂപയും കൈപ്പറ്റി വീടിന്റെ ബെല്‍റ്റ് നിരപ്പ് വരെ പണിതു. വാര്‍ക്കാനുള്ള പണം കൊടുത്തിരുന്നില്ല. ശേഷിച്ച ഗഡു മേല്‍ക്കൂര വാര്‍ക്കുമ്പോഴാണ് നല്‍കുന്നത്. വായ്പ ലഭ്യമാക്കാന്‍ ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. പണം കിട്ടാത്തതിന്റെ പരാതി ഗോപി വാര്‍ഡ് മെമ്പറിനോടോ പഞ്ചായത്തിലോ പറഞ്ഞിരുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ലൈഫ് പദ്ധതി പ്രകാരമുള്ള വീട് നിര്‍മാണം എങ്ങും എത്തിയില്ല. പണം കിട്ടാത്തത് വീടു പണി പൂര്‍ത്തിയാക്കാന്‍ തടസമുണ്ടായെന്നും അതിന്റെ മനോവിഷമം ഉണ്ടായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചു.

ഭാര്യ: ലീല. മക്കള്‍: ബിജു ,ബിന്ദു. മരുമക്കള്‍: സനല്‍, യശോദ.

Leave a Reply

Your email address will not be published. Required fields are marked *