കോഴഞ്ചേരി – നിരോധനം ഒക്കെ മറികടന്ന് വാഴക്കുന്നം പി.ഐ.പി നീര്‍പാലം വഴി ഇടതടവില്ലാതെ ഭാരവാഹനങ്ങളുടെ പാച്ചില്‍ തുടരുന്നു . പമ്പ നദിക്ക് കുറുകെ പമ്പ ഇറിഗേഷന്‍ പദ്ധതിയായ വലതുകര കനാലിന്റെ ഭാഗമായ നീര്‍പാലം കഴിഞ്ഞ 2018 ലെ മഹാപ്രളയ ശേഷം അപകട ഭീഷണി നേരിടുകയാണ്. നേരത്തെ വലിയ വാഹനങ്ങള്‍ കടന്നു പോകുമായിരുന്ന ഇവിടെ ഇരുവശവും സുരക്ഷയുടെ ഭാഗമായി കെട്ടിയടച്ചിരിക്കുകയാണ്. ആദ്യം അടച്ചപ്പോള്‍ അത് പൊളിച്ചു മാറ്റിയ ശേഷമായിരുന്നു യാത്ര.
പിന്നീട് കോണ്‍ക്രീറ്റ് ചെയ്ത് വാഹനങ്ങള്‍ക്ക് തടസമായി ഭിത്തി നിര്‍മ്മിച്ചു. കനാല്‍ പരിശോധനയ്ക്കായി ജീപ്പ് മാത്രം കടന്നു പോകത്തക്ക വിധമായിരുന്നു ഇത്. കനാല്‍ പാലം തുടങ്ങുന്ന വാഴക്കുന്നം ഭാഗത്തും പമ്പാ നദിക്കക്കരെ നീലിപിലാവില്‍ ഭാഗത്തുമാണ് പാലം കെട്ടിയടച്ചത്. തുടക്ക കാലത്ത് പി.ഐ.പി ജീവനക്കാരുടെയും പോലീസിന്റെയും നിരീക്ഷണവും ഉണ്ടായിരുന്നു. അധികം വൈകാതെ ഇതെല്ലാം മാറിയതോടെ വാഹനങ്ങളുടെ പാച്ചില്‍ വീണ്ടും തുടങ്ങി. ലോറികള്‍ക്ക് പോകാന്‍ കഴിയുന്നില്ലെങ്കിലും വലിയ പിക് അപ്പ് വാനുകളില്‍ പരമാവധി ഭാരം കയറ്റിയാണ് ഇതുവഴിയുള്ള നിരന്തര യാത്ര.
പുതമണ്‍ പാലം തകര്‍ന്നതോടെ ഇത് വഴിയുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ വർദ്ധനവും ഉണ്ടായിട്ടുണ്ട്. അയിരൂര്‍, ചെറുകോല്‍ ഭാഗങ്ങളിലെ നിര്‍മ്മാണ കരാറുകാര്‍ മിക്കവരും ഇത് വഴിയാണ് സാധനങ്ങള്‍ കടത്തുന്നത്. ഇരു ഭാഗത്തു നിന്നും ഭാരം കയറ്റി വാഹനങ്ങള്‍ വരുന്നത് കൂടുതല്‍ അപകടത്തിന് കാരണമാകും. പി.ഐ.പിയുടെ സാമ്പത്തിക ശേഷി കുറഞ്ഞതോടെ കൃത്യമായ പരിശോധനകള്‍ നടക്കുന്നുമില്ല.
What do you feel about this post?
Like
Love
Happy
Haha
Sad

