ആറന്മുള: പ്രസിദ്ധമായ വള്ളസദ്യ കഴിക്കുന്നതിനായി പാസ് നൽകാമെന്ന് വിശ്വസിപ്പിച്ച് മറ്റു സ്ഥലങ്ങളിൽ ഉള്ളവരെ കബളിപ്പിച്ച് പണം തട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹരിപ്പാട് സ്വദേശിനിയായ യുവതിക്ക് ഇത്തരത്തിൽ 2000 രൂപ നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിരുന്നു.
ആറന്മുള ക്ഷേത്ര ജീവനക്കാരൻ എന്ന് അവകാശപ്പെട്ട് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വ്യക്തി, നാലു പേർക്ക് വള്ളസദ്യ കഴിക്കുന്നതിനുള്ള പാസ് തരപ്പെടുത്തി നൽകാമെന്നും അതിനായി 2000 രൂപ അയച്ചുകൊടുക്കാനും ആവശ്യപ്പെടുകയായിരുന്നു. പണം അയച്ച ശേഷം വള്ളസദ്യ കഴിക്കുന്നതിനായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം യുവതിക്ക് മനസ്സിലായത്. തുടർന്ന് ഇവർ ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

വിവരം ആറന്മുള എസ്.എച്ച്.ഓ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) അനുസരിച്ച് വഞ്ചനാക്കുറ്റത്തിനും ഐ.ടി. ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിനായി ആറന്മുള സർക്കിൾ ഇൻസ്പെക്ടർ എം.ആർ. രാജേഷ് കുമാർ, എസ്.എച്ച്.ഒ ഉണ്ണികൃഷ്ണൻ ജി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ വ്യക്തിയുടെ ഫോൺ നമ്പർ, വിലാസം, ബാങ്ക് വിവരങ്ങൾ എന്നിവ ശേഖരിച്ചിട്ടുള്ളതായും പ്രതിയെ ഉടൻതന്നെ പിടികൂടാൻ കഴിയുമെന്നും ആറന്മുള പോലീസ് അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

