കർക്കടകവാവ് ബലിതർപ്പണം: സുരക്ഷ മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ല ഭരണകൂടം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഓഗസ്റ്റ് 12 ലെ കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് സുരക്ഷ മുൻകരുതൽ സംബന്ധിച്ച് പൊതു നിർദേശവുമായി ജില്ല ഭരണകൂടം. കുത്തൊഴുക്കും അപകട സാധ്യതയും ഉള്ള ആറ്റുതീരങ്ങളും കടവുകളും ഒഴിവാക്കി ആഴം കുറഞ്ഞതും ഒഴുക്ക് കുറഞ്ഞതും സുരക്ഷിതവുമായ കടവുകൾ മാത്രം ബലിതർപ്പണത്തിന് ഉപയോഗിക്കണം. അപകട സാധ്യതയുള്ള കടവുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൂട്ടി പരിശോധിച്ച് അടയാളപ്പെടുത്തി നിരോധിക്കും. വെള്ളത്തിലേക്ക് ഇറങ്ങാവുന്ന പരമാവധി ആഴം (മുട്ടിനു താഴെ) ബാരിക്കേഡ് / കയർ ഉപയോഗിച്ച് വ്യക്തമായി അടയാളപ്പെടുത്തും. ഇതിനപ്പുറത്തേക്ക് ആരെയും ഇറങ്ങാൻ അനുവദിക്കില്ല.
ഓരോ പ്രധാന കടവിലും പരിശീലനം ലഭിച്ച നീന്തൽ വിദഗ്ധരെയും ലൈഫ് ഗാർഡുകളെയും ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, കയർ, രക്ഷാ ബോട്ട് എന്നിവയോടൊപ്പം വിന്യസിക്കും. ഒരേ സമയം കടവിൽ ഇറങ്ങുന്നവരുടെ എണ്ണം നിയന്ത്രിച്ച് ക്യൂ സംവിധാനം ഏർപ്പെടുത്തും. കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവർക്ക് പ്രത്യേക ശ്രദ്ധയും സഹായവും നൽകും.

ചടങ്ങിന്റെ തലേന്നും അന്നും ഐഎംഡി, ജില്ല എമർജൻസി ഓപ്പറേഷൻസ് സെന്റർ എന്നിവയുടെ മുന്നറിയിപ്പ് പരിശോധിക്കണം. അപകട സൂചന ലഭിച്ചാൽ ചടങ്ങുകൾ ഉടൻ നിർത്തിവയ്ക്കണം. ചടങ്ങ് നടത്തുന്ന കമ്മിറ്റികൾ പോലീസ്, തഹസീൽദാർ, ഡിഇഒസി എന്നിവയുമായി മുൻകൂട്ടി ബന്ധപ്പെട്ട് ആവശ്യമായ അനുമതി വാങ്ങി ഏകോപനം ഉറപ്പാക്കണം. അടിയന്തര ഘട്ടങ്ങളിൽ ജില്ലാ കൺട്രോൾ റൂം (1077) ആയി ബന്ധപ്പെടാം. പ്രഥമശുശ്രൂഷാ കിറ്റ്, ആംബുലൻസ്, മതിയായ വെളിച്ചം (പുലർച്ചെയുള്ള ചടങ്ങുകൾക്ക്), വഴുക്കൽ ഒഴിവാക്കാൻ കടവുകളിൽ സുരക്ഷിത നടപ്പാത എന്നിവ ഒരുക്കണം.

Leave a Reply

Your email address will not be published. Required fields are marked *