കർക്കടക വാവ് 2026 കല്ലേലിക്കാവിൽ ; 1001 മുറുക്കാൻ സമർപ്പണം, 1001 കരിക്ക് പടേനി, ബലി തർപ്പണവും വാവൂട്ടും ആഗസ്റ്റ് 12ന്

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി: മലയാളക്കരയുടെയും പാണ്ടി ദേശത്തിന്റെയും പ്രകൃതി സത്യങ്ങളെയും സാക്ഷിയാക്കി, കാലചക്രത്തെ ഓർമ്മിപ്പിക്കുന്ന കൗള പാരമ്പര്യ ആചാരങ്ങളോടെ കർക്കടക വാവ് ദിനാചരണം ആഗസ്റ്റ് 12-ന് ചരിത്രപ്രസിദ്ധമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം) ഭക്തിനിർഭരമായി നടക്കും.

സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള കൗള ശാസ്ത്രവിധി പ്രകാരം 999 മലകളുടെ ഗുരു കാരണവന്മാർക്കും പാരമ്പര്യം കാത്തുസൂക്ഷിച്ച പിതൃക്കൾക്കും ദീപനാളവും അന്നവും വെള്ളവും സമർപ്പിച്ച് സ്മരിക്കുന്ന ചടങ്ങുകളുടെ ഭാഗമായി 1001 മുറുക്കാൻ സമർപ്പണം, 1001 കരിക്ക് പടേനി, ബലി തർപ്പണം, ആദ്യ ഉരു മണിയൻ പൂജ, പർണ്ണശാല പൂജ, പിതൃ പൂജ, ആശാൻ പൂജ, അഷ്ടനാഗ പൂജ, ആയില്യം പൂജ, വാവൂട്ട് എന്നിവ നടക്കും.

വെളുപ്പിന് ഭൂമി പൂജ, വൃക്ഷസംരക്ഷണ പൂജ, ജലസംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവയോടെ കർക്കടക വാവ് ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അച്ചൻകോവിൽ പുണ്യനദിയിലെ സ്നാനഘട്ടത്തിൽ വിശേഷാൽ പൂജയും പിണ്ഡസമർപ്പണവും നടക്കും.

രാവിലെ 8.30 മുതൽ ഉപസ്വരൂപ പൂജ, വാനരഊട്ട്, മീനൂട്ട് എന്നിവയും, 9.00 മണിക്ക് പ്രഭാതവന്ദനം, ദീപനമസ്കാരം എന്നിവയും നടക്കും. 10.00 മണിക്ക് 999 മല കളരിയിൽ 1001 മുറുക്കാൻ സമർപ്പണവും 1001 കരിക്ക് പടേനിയുമാണ് പ്രധാന ചടങ്ങുകൾ.

11.00 മണി മുതൽ ആദ്യ ഉരു മണിയൻ പൂജ, നാഗപൂജ, ആയില്യം പൂജ, കരിക്ക് അഭിഷേകം, മഞ്ഞൾ നീരാട്ട്, പാലഭിഷേകം, പർണ്ണശാല പൂജ, പിതൃ പൂജ, ആശാൻ പൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് 12.00 മണിക്ക് ഊട്ട് പൂജ സമർപ്പിക്കും.

വൈകിട്ട് 6.00 മണി മുതൽ വാവൂട്ട് ചടങ്ങുകൾക്ക് തുടക്കമാകും. കളരിവിളക്ക്, സന്ധ്യാവന്ദനം, ദീപനമസ്കാരം, ദീപകാഴ്ച എന്നിവയ്ക്ക് ശേഷം രാത്രി 7.00 മണിക്ക് പ്രകൃതിവിഭവങ്ങൾ ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും തേക്കിലയിൽ സമർപ്പിച്ച്, വറപൊടി, തെണ്ട്, തെരളി, കലശം, കരിക്ക് എന്നിവ ഉൾപ്പെടുത്തി വിശേഷാൽ വാവൂട്ട് പൂജ നടക്കും. തുടർന്ന് പിതൃമോക്ഷപ്രാപ്തിക്കായി വാവൂട്ട് ഗുരുതിയും സമർപ്പിക്കും.

കർക്കടക വാവ് ദിനത്തിൽ ഭക്തജനങ്ങളുടെ സൗകര്യാർത്ഥം വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളും കാവിൽ ലഭ്യമാകുമെന്ന് ഭരണസമിതി പ്രസിഡന്റ് അഡ്വ. സി. വി. ശാന്തകുമാർ എം.എൽ.എ. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *