അമ്പത്തി മൂന്നാം വയസിലും കേരളാ പോലീസിലെ പായും പുലി :

Sports Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ഓട്ടവും ചാട്ടവും ഒക്കെച്ചേർന്ന കായിക ക്ഷമത പരീക്ഷ വിജയിച്ച് കേരള പോലീസിലെ ജോലിയിലേക്ക് ഓടിക്കയറുമ്പോൾ രവീന്ദ്രൻ കരുതിയിട്ടുണ്ടാവില്ല ലോകത്ത് പലരാജ്യങ്ങളിലൂടെ ഒരുപാട് ദൂരം ഓടിത്താണ്ടുമെന്ന്. ഇത് സാമി എന്നറിയപ്പെടുന്ന എ.ആർ.രവീന്ദ്രൻ. 1993 ൽ പോലീസുകാരനായപ്പോൾ തുടങ്ങിയ ഓട്ടം ഇന്നും തുടർന്ന് വിസ്മയമാവുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ. ഒപ്പം പോലീസ് സേനയ്ക്കാകെ അഭിമാനവും. എ ആർ രവീന്ദ്രൻ പോലീസ് സേനയിൽ കോൺസ്റ്റബിളായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് വടശ്ശേരിക്കര മണിയാർ പോലീസ് ട്രെയിനിങ് ക്യാമ്പിൽ നിന്നാണ്.

1995 ൽ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തി. പിറ്റേവർഷം മുതലാണ് ഓട്ട മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങിയത്. ആദ്യ മെഡൽ 1996 സ്‌റ്റേറ്റ് പോലീസ് മീറ്റ് 5000 മീറ്ററിൽ വെള്ളി മെഡൽ ആയിരുന്നു. ജില്ലയും സംസ്ഥാനവും രാജ്യവും കടന്ന് അന്നത്തെ ഓട്ടം കാലം കഴിയുന്തോറും മെച്ചപ്പെടുത്തി നിർത്താതെ തുടരുകയാണ് ജില്ലാ പോലീസിലെ ഈ വെറ്റേറൻ താരം. ഫുൾ മാരത്തോൺ രണ്ടുവട്ടം ഓടി റെക്കോർഡുകൾ തീർത്തും, അപൂർവ നേട്ടങ്ങളുടെ ഉത്തുംഗതയിൽ എത്തിയും, വിസ്മയമാവുകയാണ് അമ്പത്തിമൂന്നാം വയസ്സിലും രവീന്ദ്രനെന്ന പോലീസ് ഉദ്യോഗസ്ഥൻ. ഇപ്പോൾ പെരുനാട് പോലീസ് സ്‌റ്റേഷനിൽ എസ് ഐ ആയി ജോലി ചെയ്യുന്ന രവീന്ദ്രന്റെ മൂന്നു മക്കളിൽ മൂത്തയാൾ എ രാഹുൽ രവീന്ദ്രൻ പോലീസ് സേനയിൽ അംഗമായിട്ട് ഒരു വർഷമായി, ഇപ്പോൾ പെരുമ്പെട്ടി പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്നു.

കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടന്ന യു എസ് ടി മാരത്തണിൽ ഓട്ടം പൂർത്തിയാക്കിയ ഇദ്ദേഹം രണ്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. 5 മണിക്കൂർ, ഒരു മിനിറ്റ്, 6 സെക്കന്റ് സമയത്തിലാണ് ഓട്ടം പൂർത്തിയാക്കിയത്, ഓവറോൾ റാങ്ക് 56. 2023 ൽ കൊച്ചിയിൽ നടന്ന മാരത്തൺ ഓട്ടവും രവീന്ദ്രൻ പൂർത്തിയാക്കിയിരുന്നു. സമയം 5 മണിക്കൂർ 10 മിനിറ്റ്, 36 സെക്കന്റ്, റാങ്ക് 90. ഇത്തവണ സമയം മെച്ചപ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരം മാരത്തണിൽ പോലീസുകാരനായ മകൻ രാഹുലും പങ്കെടുത്തു, പിതാവിന്റെ മാർഗത്തിൽ ഓട്ടത്തിലാണെന്ന് തെളിയിച്ചു.

ഹാഫ് മാരത്തൺ നിരവധി തവണ ജില്ലാ പോലീസിനുവേണ്ടി പല സംസ്ഥാനങ്ങളിലായി ഓടിയിട്ടുണ്ട് രവീന്ദ്രൻ. ഈ ഇനത്തിൽ ദേശീയ സ്വർണമെഡൽ ജേതാവുമാണ്. ദേശീയ മാസ്‌റ്റേഴ്‌സ് മീറ്റിൽ ഗോൾഡ് മെഡൽ നേടുകയും ചെയ്തു. വിവിധ രാജ്യന്തര മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട് ഇദ്ദേഹം. ശ്രീലങ്കയിൽ 1500/5000 മീറ്റർ ഓട്ടത്തിൽ സ്വർണമെഡൽ,വീണ്ടും അടുത്ത വർഷം മലേഷ്യയിൽ നടന്ന മത്സരത്തിൽ 1500/5000 മീറ്ററിൽ സ്വർണം, മലേഷ്യയിൽ 1500 മീറ്ററിൽ വെള്ളിമെഡൽ. 5000 മീറ്ററിൽ സ്വർണം, ന്യൂസിലണ്ട് 5000 മീറ്റർ ഓട്ടത്തിൽ സ്വർണം, 1500 മീറ്ററിൽ വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടങ്ങൾ.ഇൻഡോനേഷ്യയിൽ മത്സരത്തിൽ പങ്കെടുത്തെങ്കിലും മെഡൽ നേടാൻ സാധിച്ചില്ല. വിവിധ ദേശീയ മാസ്‌റ്റേഴ്‌സ് മത്സരങ്ങളിൽ 5000,10000 മീറ്റർ ഇനങ്ങളിൽ സ്വർണമെഡലുകൾ കരസ്ഥമാക്കി.

പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ ജോലി ചെയ്ത രവീന്ദ്രൻ, 2019 ൽ സബ് ഇൻസ്‌പെക്ടറായി. തുടർന്ന് കരുനാഗപ്പള്ളി, ചവറ, കോന്നി, നെടുമങ്ങാട് പോലീസ് സ്‌റ്റേഷനുകളിൽ എസ് ഐ ആയിരുന്നു. മൂന്നു മക്കളിൽ രണ്ടാമത്തെ ആൾ ഷെഫ് ആയി ജോലി നോക്കുന്നു. മൂന്നാമത്തെയാൾ വെച്ചൂച്ചിറ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിൽ ബയോ മെഡിക്കൽ എഞ്ചിനിയറിങ് മൂന്നാം വർഷവിദ്യാർഥിയാണ്. ഭാര്യ സുമ, മാതാപിതാക്കൾ രാഘവൻ, ഭാരതി. വെച്ചൂച്ചിറ പരുവ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന രവീന്ദ്രൻ, ഇനിയുമേറെ അങ്കങ്ങൾക്ക് ബാല്യം ബാക്കിയെന്ന മട്ടിൽ ഓട്ടം തുടരുകയാണ്. വിരമിക്കാൻ മൂന്ന് വർഷം മാത്രം ബാക്കിയുള്ള ഇദ്ദേഹം യുവത്വത്തിന്റെ പ്രസരിപ്പും ചുറുചുറുക്കും നിലനിർത്തി മുന്നേറുമ്പോൾ, സഹപ്രവർത്തകർക്കും യുവ പോലീസുകാർക്കും അതിശയം തീർക്കുന്നു എന്നതാണ് യാഥാർഥ്യം.

Leave a Reply

Your email address will not be published. Required fields are marked *