ഇലവുംതിട്ട – സ്‌കൂളിലേക്ക് പോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിനുള്ളിൽ പിടിച്ചു കയറ്റി ദേഹത്ത് കടന്നുപിടിച്ച് അതിക്രമം കാട്ടുകയും അപമാനിക്കുകയും ചെയ്ത യുവാവിനെ ഇലവുംതിട്ട പോലീസ് പിടികൂടി. അയിരൂർ നോർത്ത് ചെറുകോൽപ്പുഴ ഇടത്തറമൺ മുണ്ടപ്ളാക്കൽ വീട്ടിൽ എം പി അജിത്ത് (31)ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 8.15 ന് സ്കൂളിൽ പോകുന്ന വഴി പുതിയത്തു പടിക്കൽ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് ബലമായി കാറിൽ പിടിച്ചു കയറ്റിയശേഷം അതിക്രമം കാട്ടുകയായിരുന്നു. വലതു കൈ മസിൽ ഭാഗത്ത് അമർത്തിപ്പിടിച്ചപ്പോൾ നഖം കൊണ്ട് മുറിവേറ്റു. ഇന്നലെ കുട്ടി പോലീസിന് മൊഴി നൽകി, സി പി ഓ നീനു എം വർഗീസ് മൊഴി രേഖപ്പെടുത്തി. പെൺകുട്ടിക്ക് മാനഹാനിയും അപമാനവും ഉണ്ടാക്കിയതിന് എസ് ഐ കെ എൻ അനിൽ കുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തുടർന്ന് പ്രതിക്കുവേണ്ടിയുള്ള തെരച്ചിലിൽ ഇന്ന് പുലർച്ചെ മൂന്നിന് അയിരൂർ നിന്നും കസ്റ്റഡിയിൽ എടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇയാളുടെ ചിത്രം മൊബൈൽ ഫോണിൽ അയച്ചുകൊടുത്ത് തിരിച്ചറിഞ്ഞു.തുടർന്ന് രാവിലെ 10 ന് അറസ്റ്റ് രേഖപ്പെടുത്തി.ഇയാൾ കുട്ടിയെ കയറ്റിക്കൊണ്ടുപോയ കാർ പോലീസ് പിടിച്ചെടുത്തു. തുടർ നടപടികൾക്കൊടുവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി.


