ചിറ്റാര്‍: ക്രഷറുകള്‍ക്ക് സമീപത്തായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറികളില്‍ നിന്ന് 60 ലിറ്ററോളം ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ആസാം ബിന്യാചര സ്വദേശി നജറുല്‍ ഹഖ് (38), ചിറ്റാര്‍ പുലിക്കൂട്ടുങ്കല്‍ വീട്ടില്‍ സനൂപ് സത്യന്‍ (39), സഹോദരന്‍ അനൂപ് സത്യന്‍ (37) എന്നിവരാണ് പിടിയിലായത്. ആസാം സ്വദേശിയായ മറ്റൊരാളെ പോലീസ് തെരയുന്നു.
ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും ഇപ്പോള്‍ ആലപ്പുഴ കേന്ദ്രീകരിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതുമായ വേദ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ വക ടോറസ് ലോറികളില്‍ നിന്നാണ് ഇവര്‍ ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. ആസാം സ്വദേശികളായ രണ്ടു പേരും ഇതേ കമ്പനിയിലെ ജോലിക്കാരാണ്. ഇവരോട് സൗഹൃദം സ്ഥാപിച്ച് നാട്ടുകാരായ മറ്റു രണ്ടു പേരും കൂടി ചേര്‍ന്നാണ് ഡീസല്‍ മോഷ്ടിക്കാന്‍ പദ്ധതി ഇട്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ രണ്ട് ലോറികളില്‍ നിന്നായി 60 ലിറ്ററോളം ഡീസല്‍ മോഷ്ടിച്ച് കന്നാസുകളിലാക്കി മറ്റൊരു കാറിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് സംഘത്തിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.പി. മനോജ് കുമാര്‍, അനില്‍കുമാര്‍, സിപിഓമാരായ സജീവ്, ടിന്റോ സെലസ്റ്റിന്‍, കെ.എസ്. സജിന്‍ എന്നിവര്‍ അടങ്ങിയ പട്രോളിംഗ് സംഘം പ്രതികളെയും തൊണ്ടിമുതലായ ഡീസലും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു. വേദ കമ്പനിയുടെ സൂപ്പര്‍വൈസറുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.


