പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ശേഷം സ്വര്‍ണമാല തന്ത്രപൂര്‍വം കൈക്കലാക്കിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പുതുശ്ശേരി മല താന്നിക്കല്‍ അനന്ദു പ്രദീപി (21) നെയാണ് റാന്നി-പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
അനുജന്റെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് ഇയാള്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ പെണ്‍കുട്ടിക്ക് സന്ദേശം അയച്ചിരുന്നു. പിന്നാലെ പ്രണയം നടിച്ച് വശത്താക്കുകയും ചെയ്തു. പലതവണ ഇയാള്‍ നഗ്‌ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ ഏഴു ഗ്രാം വരുന്ന സ്വര്‍ണമാല തന്ത്രപൂര്‍വം കൈക്കലാക്കി. കഴിഞ്ഞ മേയില്‍ ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തല ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു.
പെണ്‍കുട്ടി സ്വര്‍ണമാല തിരികെ ആവശ്യപ്പെട്ടപ്പോള്‍ വ്യാജ നഗ്‌ന ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത് അനുസരിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
പെരുനാട് ഇന്‍സ്‌പെക്ടര്‍ ആര്‍. റോയിയുടെ നേതൃത്വത്തില്‍ എസ്.ഐ അച്ചന്‍കുഞ്ഞ്, എസ് സിപിഓ ആശ ഗോപാലകൃഷ്ണന്‍, സിപിഓമാരായ അജാസ് മോന്‍, വി.ഐ. വിജേഷ്, ആര്‍. ഗോകുല്‍ കൃഷ്ണന്‍, എ.എസ്. അരുണ്‍ എന്നിവര്‍ അടങ്ങിയ അന്വേഷണസംഘം റാന്നി പെരുമ്പുഴയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


